വി­മാ­നത്താ­വളത്തിൽ നിന്നും 1.73 കി­ലോ­ സ്വർ­ണം പി­ടിക്കൂടി­


കോഴിക്കോട് : ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 52.5 ലക്ഷം രൂപയുടെ 1.73 കിലോഗ്രാം സ്വർണം ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായി കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.ഇന്നലെ രാവിലെ 8.05ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ എത്തിയ പാലക്കാട് കൂടല്ലൂർ സ്വദേശി മുഹമ്മദ് അനസ് (26) ആണ് മിശ്രിത രൂപത്തിലാക്കിയ സ്വർണം അരയിൽ കെട്ടിവച്ചു കടത്താൻ ശ്രമിച്ചത്. 

ലോഹപരിശോധിനി കവാടത്തിലൂടെ കടക്കുന്പോൾ ഇന്റലിജൻസ് വിഭാഗം സംശയിച്ചു പരിശോധന നടത്തുകയായിരുന്നു. 2.26 കിലോഗ്രാം മിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 41.86 ലക്ഷത്തിന്റെ 1.38 കിലോഗ്രാം സ്വർണം ലഭിച്ചു. ഇന്നലെ രാവിലെ 10.45ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ കണ്ണൂർ ശിവപുരം സ്വദേശി ചൂരിയോട് റസാഖ് (48) കൊണ്ടുവന്ന സുഗന്ധക്കുപ്പികൾക്കടിയിൽ സ്വർണ ബിസ്കറ്റുകൾ കഷണങ്ങളാക്കി ഒളിപ്പിച്ചതായും കണ്ടെത്തി. 10.62 ലക്ഷത്തിന്റെ 349 ഗ്രാം സ്വർണം കണ്ടെടുത്തു.

കസ്റ്റംസ് കമ്മിഷണർ ഡോ. സന്തോഷ് കുമാർ, അഡീഷനൽ കമ്മിഷണർ എസ്.പി.സിങ്, അസിസ്റ്റന്റ് കമ്മിഷണർ വിപിൻലാൽ, സൂപ്രണ്ടുമാരായ കെ.സുബ്രഹ്മണ്യൻ, ദാസ് മാലിക്, ജയകൃഷ്ണൻ, ഇൻസ്പെക്ടർമാരായ എം.ജയൻ, കെ.മുരളീധരൻ, നവീൻകുമാർ, ഹവിൽദാർമാരായ വേലായുധൻ, ലോകനാഥ് എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിക്കൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed