പാകിസ്ഥാനിൽ ഐ.എസ് ചുവടുറപ്പിക്കുന്നതായി റിപ്പോർട്ട്
ഭീകരവാദികളെകൊണ്ട് പൊറുതി മുട്ടിയ പാകിസ്ഥാന് ഭീഷണിയായി ഇസ്ലാമിക േസ്റ്ററ്റ് ഭീകരരും രാജ്യത്ത് ശക്തി പ്രാപിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഇവരുടെ സാന്നിധ്യമില്ലെന്ന പാകിസ്ഥാൻ സർക്കാരിന്റെ വാദം തള്ളി പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ ഇസ്ലാമിക് േസ്റ്ററ്റ്് ഭീകർ ആറോളം വലിയ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇവർ നടത്തിയ സ്ഫോടനങ്ങളിൽ 153 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
സിന്ധ്, ബലുചിസ്ഥാൻ പ്രവിശ്യകളിലാണ് ഐ.എസ് ഭീകരർക്ക് സ്വാധീനമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറ് ഭീകരാക്രമണങ്ങളാണ് ഇവർ നടത്തിയിട്ടുള്ളതെങ്കിലും ഏറ്റവും മാരകാമായവയായിരുന്നു അവയെല്ലാം. പശ്ചിമേഷ്യയുടെ ഭാവിതന്നെ മാറ്റിമറിച്ച രീതിയിൽ വിദേശ ഭീകരർ പാകിസ്ഥാനിൽ ആക്രമണം നടത്താൻ എത്തിയേക്കാമെന്നും പീസ് സ്റ്റഡീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഭീകരവാദികളെ ഉന്മൂലനം ചെയ്യാൻ ദേശീയ തലത്തിൽ കർമപദ്ധതി വേണമെന്നും ഭീകര വിരുദ്ധ പോരാട്ടങ്ങൾക്ക് പാർലമെന്റിന്റെ മേൽനോട്ടം ഉണ്ടാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. 2017 പാകിസ്ഥാനിൽ നടന്നത് 370 ഭീകരാക്രമണങ്ങളാണ്. പാകിസ്ഥാനിലെ 64 ജില്ലകളിലാണ് ആക്രമണങ്ങൾ നടന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളോട് ചേർന്ന സ്ഥലങ്ങളിൽ ഭീകരാക്രമണങ്ങളിൽ 131 ശതമാനം വർദ്ധന ഉണ്ടായി. അതേസമയം 524 ഭീകരവാദികളെയാണ് പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വധിച്ചത്.
അതേസമയം പാകിസ്ഥാൻ ഭീകരർക്കു സുരക്ഷിത താവളങ്ങളൊരുക്കുന്നതു തുടരുകയാണെന്ന് അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ വ്യക്തമാക്കി. ഇതു തീർത്തും അസ്വീകാര്യമാണെന്ന് പാകിസ്ഥാനെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും സി.ഐ.എ. മേധാവി മൈക് പോംപിയോ പറഞ്ഞു.

