ദക്ഷിണ, ഉത്തരകൊറിയൻ പ്രതിനിധികൾ തമ്മിലുള്ള ആദ്യവട്ടം ചർച്ച ചൊവ്വാഴ്ച
സോൾ : രണ്ടു വർഷത്തിനുശേഷം ദക്ഷിണ, ഉത്തരകൊറിയൻ പ്രതിനിധികൾ തമ്മിലുള്ള ആദ്യവട്ടം ചർച്ച ചൊവ്വാഴ്ച നടക്കും. ദക്ഷിണകൊറിയയിൽ അടുത്തമാസം നടത്തുന്ന ശൈത്യകാല ഒളിന്പിക്സിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെന്ന് പുതുവത്സര ടി വി സന്ദേശത്തിൽ ഉത്തരകൊറിയൻ പ്രസിഡണ്ട് കിം ജോംഗ് ഉൻ പറഞ്ഞതാണു ചർച്ചയ്ക്കുള്ള വഴി തെളിഞ്ഞത്.
അടുത്ത ചൊവ്വാഴ്ച ചർച്ച നടത്താമെന്ന ദക്ഷിണകൊറിയയുടെ നിർദേശം അംഗീകരിച്ചുകൊണ്ട് ഉത്തരകൊറിയ അയച്ച ഫാക്സ് സന്ദേശം കിട്ടിയതായി സോളിലെ ഏകീകരണവകുപ്പു മന്ത്രാലയത്തിന്റെ വക്താവ് ബൈക് തേയ്ഹ്യൂൺ പറഞ്ഞു. ഇരുകൊറിയകളുടെയും മധ്യത്തിലുള്ള ‘സമാധാന ഗ്രാമ’മായ പൻമുൻജോമിലായിരിക്കും ചർച്ച. ആരൊക്കെയാകും ഇരുരാജ്യങ്ങളെയും പ്രതിനീധികരിക്കുക എന്നു വ്യക്തമായിട്ടില്ല. പാൻമുൻജോം സൈനിക ഗ്രാമത്തിൽ നടക്കുന്ന ചർച്ചയിൽ ശീതകാല ഒളിന്പിക്സായിരിക്കും മുഖ്യവിഷയം. ഇതോടൊപ്പം ബന്ധം മെച്ചപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്യും.
എന്നാൽ സുപ്രധാന പ്രശ്നമായ ഉത്തരകൊറിയയുടെ ആണവപദ്ധതിയെക്കുറിച്ചു ചർച്ചയുണ്ടാവാൻ സാധ്യതയില്ല. ബന്ധം സുഗമമാകണമെങ്കിൽ ആണവപദ്ധതിയും ചർച്ച ചെയ്യണമെന്നു നേരത്തെ ദക്ഷിണകൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇൻ പറഞ്ഞിരുന്നു. ചർച്ച പ്രമാണിച്ച് അടുത്തയാഴ്ച ദക്ഷിണകൊറിയ −യു.എസ് സംയുക്ത സൈനികാഭ്യാസ പരിപാടി നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യു.എസും ദക്ഷിണകൊറിയയും കഴിഞ്ഞ ദിവസം ധാരണയിലെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണു ചൊവ്വാഴ്ചത്തെ ചർച്ചയിൽ പങ്കെടുക്കാൻ ഉത്തരകൊറിയ സമ്മതിച്ചത്. ഇതിനുമുന്പ് ഇരുകൊറിയകളും തമ്മിൽ ചർച്ച നടത്തിയത് 2015 ഡിസംബറിലായിരുന്നു.
അതേസമയം ദക്ഷിണ, ഉത്തരകൊറിയകൾ ചർച്ച നടത്തുന്നതിനെ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. കിം ജോംഗ് ഉന്നിനെതിരെ താൻ സ്വീകരിച്ച ശക്തമായ നിലപാടാണ് ചർച്ചയ്ക്കു വഴിതെളിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. ശൈത്യകാല ഒളിന്പിക്സിനു അമേരിക്കയിൽ നിന്ന് ഉന്നതതല പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ കുടുംബാംഗങ്ങളും സംഘത്തിലുണ്ടാവും.
എന്നാൽ കരുതലോടെ മാത്രമേ ഉത്തരകൊറിയയുടെ നീക്കങ്ങളെ വീക്ഷിക്കാവൂ എന്നു ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ചർച്ചയും പിന്നെ പ്രകോപനവും എന്ന രീതിയാണ് അവരുടേത്. സുരക്ഷാകാര്യങ്ങളിൽ യാതൊരു വീഴ്ചയും വരുത്തരുതെന്നും ആബെ നിർദേശിച്ചിട്ടുണ്ട്.

