കുൽഭൂഷൺ ജാദവിനെ ഉടൻ തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ് : ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ഉടനെ തൂക്കിലേറ്റുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് പാകിസ്ഥാൻ അറിയിച്ചു. കുൽഭൂഷണെ സന്ദർശിക്കാൻ ഭാര്യയ്ക്കും, അമ്മയ്ക്കും പാകിസ്ഥാൻ വിസ അനുവദിച്ചിരുന്നു. വിസ അനുവദിച്ച വിവരം പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം തന്നെയാണ് വ്യക്തമാക്കിയത്. ഇതോടെ പാകിസ്ഥാനിലെത്തുന്ന അമ്മയും, ഭാര്യയും കുൽഭൂഷണുമായി നടത്തുന്ന അവസാന കൂടിക്കാഴ്ചയാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് വാദവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്.
പാകിസ്ഥാൻ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസൽ ആണ് ഇക്കാര്യം അറിയിച്ചത്. മതവിശ്വാസവും മനുഷ്യത്വവും മാത്രം പരിഗണിച്ചാണ് കുൽഭൂഷണെ കാണാൻ കുടുംബത്തിന് അനുമതി നൽകിയതെന്നും, അദേഹത്തെ തൂക്കിലേറ്റുന്ന കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാവില്ലെന്നും, ദയാഹർജി ഇപ്പോഴും പരിഗണനയിലാണെന്നും മൊഹമ്മദ് ഫൈസൽ അറിയിച്ചു.
വിസ അപേക്ഷ ലഭിച്ചതായും, തുടർ നടപടികൾ നടന്നു വരികയാണെന്നും പാകിസ്ഥാൻ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ മാസം 25 നു കൂടിക്കാഴ്ച അനുവദിക്കാമെന്ന് പാക് വദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഭാര്യയ്ക്കും, അമ്മയ്ക്കുമൊപ്പം ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ അനുവദിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇവർക്ക് വിസ നൽകാൻ ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനോട് നിർദേശിക്കുകയും ചെയ്തിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിൽ വച്ചായിരിക്കും കുടുംബാംഗങ്ങളും കുൽഭൂഷണുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് ശേഷം മാധ്യമങ്ങളെ കാണാൻ ഇരുവർക്കും പാകിസ്ഥാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമല്ലെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

