ജി.എസ്.ടിയിൽ നടപടിയെടുക്കാതെ ധനമന്ത്രി ഒളിച്ചോടുന്നു: ബി.ജെ.പി
പാലക്കാട്: ജി.എസ.്ടിയുടെ ആനുകൂല്യം ഉറപ്പുവരുത്താൻ പ്രാപ്തിയില്ലാത്ത ധനമന്ത്രി കേന്ദ്രസർക്കാരിനെ പഴിചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശൻ. ബി.ജെ.പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഉപഭോക്തൃ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജി.എസ്.ടി അനുസരിച്ച് ഹോട്ടൽ ഭക്ഷണത്തിന്റെ വില കൃത്യമായി കുറയേണ്ടതാണെങ്കിലും ഭക്ഷണത്തിനു വില കയറ്റി ജനത്തെ കൊള്ളയടിക്കുന്ന ഒരു വിഭാഗം വ്യാപാരികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തത് കേന്ദ്രത്തിനോടുളള രാഷ്ട്രീയ വൈരത്തിൽ മാത്രമാണെന്നും ജി.എസ്.ടി അട്ടിമറിക്കാനാണ് കേരളത്തിൽ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടി ജില്ലാ അദ്ധ്യക്ഷൻ ഇ. കൃഷണദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.ശിവരാജൻ, സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് പി.ഭാസി, ജില്ലാ ജനറൽ സെക്രട്ടറി കെ.ജി പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറി പി.സത്യഭാമ, യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ഇ.പി നന്ദകുമാർ, ഒ.ബി.സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ എ.കെ ഓമനക്കുട്ടൻ, മഹിളാമോർച്ച ജില്ലാ അദ്ധ്യക്ഷ കെ.എം ബിന്ദു, കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.ശിവദാസ്, വ്യാപാരി സെൽ ജില്ലാ കൺവീനർ സി.മധു തുടങ്ങിയവർ പ്രസംഗിച്ചു.

