യു.എന്നിൽ അവതരിപ്പിച്ച ജറുസലേം പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു
വാഷിംഗ്ടൺ : ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ തീരുമാനം പിൻലിക്കണമെന്നാവശ്യപ്പെടുന്ന ഐക്യരാഷ്‌ട്ര രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്‌തു. ആറു വർഷത്തിനിടെ ആദ്യമായാണ് അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ച് യു.എൻ പ്രമേയം പരാജയപ്പെടുത്തുന്നത്. 15 അംഗ രക്ഷാസമിതിയിൽ അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രൻസ്, ജപ്പാൻ എന്നിവരും പ്രമേയത്തിനായി വോട്ടുചെയ്‌തു.
ജറുസലേമിൽ ഇസ്രയേലിന്റെ പരമാധികാരം നിഷേധിച്ച് അര നൂറ്റാണ്ടോളമായി രക്ഷാസമിതി പുലർത്തിയ നയം ഊട്ടിയുറപ്പിച്ചാണ് ഈജിപ്‌ത് ഒരു പേജുള്ള പ്രമേയം ഇന്നലെ അവതരിപ്പിച്ചത്. ട്രംപ് ഭരണമേറ്റ ശേഷം ആദ്യ വീറ്റോയാണ് പ്രമേയത്തെ എതിർക്കാനായി ഉപയോഗിച്ചത്. രക്ഷാസമിതിയിൽ ഇന്നലെയുണ്ടായ നീക്കങ്ങൾ അമേരിക്കയെ അപമാനിച്ചുവെന്ന് യു.എന്നിലേയ്‌ക്കുള്ള അമേരിക്കൻ അംബാസിഡർ നിക്കി ഹാലെ പറഞ്ഞു. ഇസ്രയേൽ− പലസ്‌തീൻ പ്രശ്‌നം യു.എൻ വഷളാക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണിതെന്നും അമേരിക്കൻ നടപടിയെ ന്യായീകരിച്ച് നിക്കി ഹാലെ പറഞ്ഞു.
എന്നാൽ അന്തിമ തീരുമാനമുണ്ടാകും മുന്പ് ജറുസലേമിനെ അംഗീകരിച്ച യു.എസ് നടപടിയും എംബസി മാറ്റാനുള്ള തീരുമാനവും തങ്ങൾ ഐകകണേ്‌ഠന എതിർക്കുന്നുവെന്ന് യു.എന്നിലേയ്‌ക്കുള്ള ബ്രിട്ടീഷ് അംബാസഡർ മാത്യൂ റൈക്രോഫ്‌ട് പറഞ്ഞു. ബ്രിട്ടീഷ് എംബസി ടെൽഅവീവിൽനിന്നു മാറ്റാൻ ഒരു നീക്കവുമില്ലെന്നും റൈക്രോഫ്‌ട് വ്യക്തമാക്കി. രാജ്യാന്തര സമവായത്തിലേക്ക് അമേരിക്ക തിരിച്ചുവരുമെന്നു പ്രത്യാശ പ്രകടിപ്പിച്ച യു.എന്നിലേക്കുള്ള ഫ്രാൻസിന്റെ സ്ഥിരം പ്രതിനിധി ഫ്രാങ്കോയിസ് ദെലാത്രേ നിലവിലെ നടപടി രാഷ്‌ട്രീയ സംഘർഷത്തെ മതസംഘർഷമാക്കി മാറ്റുമെന്ന മുന്നറിയിപ്പ് നൽകി. നിന്ദ്യമായ നടപടിയിലൂടെ അമേരിക്ക രാജ്യാന്തര നിയമത്തെ അവഗണിച്ചെന്നും ഭാവി സമാധാനശ്രമങ്ങളിൽ തങ്ങളുടെ പങ്ക് ഇല്ലാതാക്കിയെന്നും പലസ്‌തീന്റെ യു.എന്നിലേക്കുള്ള സ്ഥിരം നിരീക്ഷകനായ റിയാദ് എം. മൻസൂർ പറഞ്ഞു.

