ബസുകളിൽ ജി.പി.എസ് ഘടിപ്പിക്കാൻ കരാറായി
കൊച്ചി: വിശാല കൊച്ചി മേഖലയിലെ ബസുകളിൽ ഗ്ലോബൽ പൊസിഷനിഗ് സിസ്റ്റം (ജി.പി.എസ്) ഘടിപ്പിക്കാനുള്ള കരാറിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും അർബൻ മാസ് ട്രാൻസിറ്റ് കന്പനിയും ഒപ്പുവച്ചു. സംയോജിത നഗരഗതാഗത പദ്ധതിക്ക് കീഴിൽ രൂപംനൽകിയ ഏഴ് കന്പനികളിൽ ഉൾപ്പെട്ട 1000 സ്വകാര്യ ബസ്സുകളിലാണ് സംവിധാനം ഘടിപ്പിക്കുക.
കെ.എം.ആർ.എൽ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ തിരുമൻ അർചുനനും യു.എം.ടി.സി സീനിയർ വൈസ് പ്രസിഡണ്ട് കിഷോർ നഥാനിയും കരാറിൽ ഒപ്പുവച്ചു. കെ.എം.
ആർ.എൽ.എം ഡി മുഹമ്മദ് ഹനീഷ്, ഡെപ്യൂടി ട്രാൻസ്പോർട് കമ്മീഷണർ എം.പി അജിത്കുമാർ എറണാകുളം ആർ.ടി.ഒ റെജി പി.വർഗീസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.കെ.എം ഷാജി എഡ്രാക് പ്രസിഡണ്ട് രംഗദാസപ്രഭു, സ്വകാര്യ ബസ് കന്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജി.പി.എസ് അടിസ്ഥാനമാക്കിയുള്ള ബസ് ട്രാക്കിംഗ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് ബസ് എവിടെവരെയെത്തി, എങ്ങോട്ടു പോകുന്നു, തന്റെ സ്റ്റോപ്പിൽ എപ്പോൾ എത്തും തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാൻ കഴിയും. ജലമെട്രോ, മെട്രോ, ഫീഡർ സർവ്‍വീസുകൾ തുടങ്ങിയവയ്ക്ക് ഒറ്റ ടിക്കറ്റ് നടപ്പാക്കുന്നതിന്റെ തുടക്കമാണ് ജി.പി.എസ് ഘടിപ്പിക്കൽ. ഇതിന്റെ മേൽനോട്ടം, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ ചുമതല കെ.എം.ആർ.എലിനാണ്.

