എല്ലാ വിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ
യാങ്കൂൺ : എല്ലാ വംശീയ വിഭാഗങ്ങളെയും ബഹുമാനിക്കുകയെന്നത് മ്യാൻമറിന്റെ ഭാവിക്ക് അനിവാര്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മ്യാൻമറിൽ സന്ദർശനം നടത്തിവരുന്ന മാർപാപ്പ തലസ്ഥാനമായ നേപിഡോയിലെ അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ നടന്ന യോഗത്തിലാണു ശ്രദ്ധേയമായ പരാമർശം നടത്തിയത്. മ്യാൻമറിലെ ജനകീയ ഭരണത്തിന്റെ നേതൃത്വത്തിലുള്ള േസ്റ്ററ്റ് കൗൺസിലറും സമാധാന നൊബേൽ ജേതാവുമായ ആംഗ് സാൻ സൂചിയും യോഗത്തിൽ പങ്കെടുത്തു.
ഇരുനേതാക്കളും സ്വകാര്യമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കൺവൻഷൻ സെന്ററിലെ പൊതുസമ്മേളനം. ഫ്രാൻസിസ് മാർപാപ്പയും ആംഗ് സാൻ സൂചിയും മാത്രമാണ് ഇവിടെ പ്രസംഗിച്ചത്. റോഹിങ്ക്യൻ പ്രശ്നം എന്നു നേരിട്ടു പറയാതെ എല്ലാ വംശീയ വിഭാഗങ്ങൾക്കും ബഹുമാനവും തുല്യനീതിയും ഉറപ്പാക്കിയേ മതിയാകൂവെന്നു മാർപാപ്പ പറഞ്ഞു. മ്യാൻമറിലെ എല്ലാ പ്രതിസന്ധികളെക്കാളും ആഗോള ശ്രദ്ധ നേടിയത് റാഖൈൻ മേഖലയാണെന്ന് റോഹിങ്ക്യ എന്നു പറയാതെ സൂചിയും പറഞ്ഞു.
നീതിക്കും നിയമത്തിനുമായി നിലകൊള്ളാൻ മാർപാപ്പ ആഹ്വാനം ചെയ്തു. മാനുഷിക പരിഗണനയും നീതിയും നടപ്പിലാക്കിയാൽ മാത്രമേ സമാധാനം പുലരുകയുള്ളൂ. എല്ലാ ഗോത്രങ്ങളെയും ബഹുമാനിക്കുകയും അവയുടെ ഏകതയെ അംഗീകരിക്കുകയും വേണമെന്നു പാപ്പാ പറഞ്ഞു.
എല്ലാവർക്കും സുരക്ഷ ഉറപ്പുവരുത്തിയുമുള്ള രാഷ്ട്ര നിർമാണമാണു തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സൂചി പറഞ്ഞു. റങ്കൂണിലെ സെന്റ് തോമസ് സ്കൂളിലാണ് താൻ പഠിച്ചതെന്നും കത്തോലിക്കാ സഭയുടെ മൂല്യാധിഷ്ഠിത പഠനങ്ങൾ ലോകത്തിനാകെ ആവശ്യമാണെന്നും സൂചി പറഞ്ഞു. മ്യാൻമറിലെ മുഴുവൻ കത്തോലിക്കരും മ്യാൻമറിന്റെ മക്കളാണെന്നും അവർ കൂട്ടിച്ചേർച്ചു.
മ്യാൻമർ സൈന്യാധിപൻ സീനിയർ ജനറൽ മിൻ ഓങ് ഹ്ലായിംഗ് മാർപാപ്പയെ യാംഗൂൺ ആർച്ച് ബിഷപ്സ് ഹൗസിലെത്തി സന്ദർശിച്ചിരുന്നു. തന്റെ പട്ടാളം ഒരു വേർതിരിവും
കാണിക്കുന്നില്ലെന്നും സമാധാനവും സുസ്ഥിരതയുമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും ജനറൽ മിൻ ഓങ് ഹ്ലായിംഗ് മാർപാപ്പയോട് പറഞ്ഞതാ
യി അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
തലസ്ഥാനത്തേക്കു പുറപ്പെടുന്നതിനു മുന്പ് ബുദ്ധ, ഹൈന്ദവ, മുസ്ലിം, ക്രൈസ്തവ നേതാക്കളുമായി മാർപാപ്പ 40 മിനിറ്റ് ചർച്ച നടത്തിയിരുന്നു. രാജ്യത്തിന്റെ പുനർനിർമിതിക്കു നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചതെന്ന് വത്തിക്കാൻ വക്താവ് ഗ്രെഗ് ബുർക്കെ പറഞ്ഞു.


