കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് : നവീകരണം അട്ടിമറിച്ചെന്ന് എം.എൽ.എ
കൊച്ചി : എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണം അട്ടിമറിച്ചെന്നും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച ഗാരിജ് കം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ദുരവസ്ഥ ഉടൻ പരിഹരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
നിലവിൽ നിർമ്മാണം നടത്തിയതിന് 65 ലക്ഷം രൂപയാണ് കെ.എസ്.ആർടിസി കരാറുകാരന് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. കെ.എസ്.ആർ.ടി.സി എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരുടെ തികഞ്ഞ അനാസ്ഥയും അഴിമതിയുമാണ് പദ്ധതിയെ വഴിമുട്ടിച്ചത്. ദിവസേന ഒട്ടേറെ യാത്രക്കാർ എത്തിച്ചേരുന്ന ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ മാറ്റുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് എം.എൽ.എ ഫണ്ടിൽ നിന്ന് രണ്ട്കോടി രൂപ അനുവദിച്ചത്. താൽക്കാലിക കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായതിന് ശേഷം പഴയ ബസ് സ്റ്റാൻഡ് പൊളിച്ചുനീക്കി പുതിയ ബസ് ടെർമിനൽ നിർമ്മിക്കാനായിരുന്നു പരിപാടി. എന്നാൽ ഉദ്യോഗസ്ഥരും കരാറുകാരനും ഇത് അട്ടിമറിച്ചു. ഇവർക്കെതിരെ കർശന നടപടി വേണമെന്നും രണ്ട് കോടി രൂപയിലെ ബാക്കി തുക മണ്ധലത്തിലെ മറ്റ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി തിരിച്ച് എം.എൽ.എ ഫണ്ടിലേക്കു നൽകണമെന്ന് കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടുമെന്നും എം.എൽ.എ പറഞ്ഞു.


