ബിൽ ക്ലിന്റനെതിരെ വീണ്ടും ലൈംഗിക ആരോപണങ്ങൾ
വാഷിംഗ്ടൺ : യു.എസ് മുൻ പ്രസിഡണ്ട് ബിൽ ക്ലിന്റനെതിരെ വീണ്ടും ലൈംഗിക ആരോപണങ്ങൾ. ക്ലിന്റനെതിരെ ലൈംഗീക ആരോപണവുമായി നാല് സ്ത്രീകൾ രംഗത്തെത്തി. ക്ലിന്റന്റെ നിയമസംഘം ആരോപണങ്ങൾ ഉയർന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡണ്ട് പദമൊഴിഞ്ഞ് ബിസിനസ് രംഗത്തേയ്ക്ക് തിരിഞ്ഞ കാലഘട്ടത്തിൽ ക്ലിന്റൻ തങ്ങളോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. രണ്ട് തവണയായി എട്ട് വർഷം അമേരിക്കൻ പ്രസിഡണ്ടായിരുന്ന ക്ലിന്റൻ പ്രസിഡണ്ട് പദവി ഒഴിഞ്ഞശേഷം റോൺ ബർക്ലി എന്ന കോടീശ്വരനുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. ബർക്ലിയുടെ സ്വകാര്യ ജെറ്റിൽ ക്ലിന്റൻ സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഈ സമയം ബർക്ലിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സ്ത്രീകളാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. അതേസമയം വൻതുക നഷ്ടപരിഹാരം നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനം അവർ മുന്നോട്ടുവെച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രസിഡണ്ട് പദവിയിലിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിൻസ്കിയുമായിട്ടുണ്ടായ വിവാഹേതര ബന്ധത്തിന്റെ പേരിൽ ഏറെ വിവാദം സൃഷ്ടിച്ചയാളാണ് ക്ലിന്റൻ. ഈ കേസുമായി ബന്ധപ്പെട്ട് പാർലമെന്റിൽ കളവ് പറഞ്ഞതിന് ക്ലിന്റനെതിരെ ഇംപീച്ച്മെന്റ് നടപടിക്ക് നീക്കമുണ്ടായെങ്കിലും അവസാനഘട്ടത്തിൽ അത് ഉപേക്ഷിക്കുകയായിരുന്നു.


