ചാല സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; ക്വട്ടേഷൻ സംഘം അടക്കം 5 പേർ പിടിയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാലയിലെ സ്വർണ്ണക്കവർച്ച കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അനൂപ് രാജ്, അനിൽ പ്രസാദ്, വിനോദ് ആന്റണി, അമുൽ, ദിലീപ് എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനത്തിൽ നിന്ന് 400 ഗ്രാമിലധികം സ്വർണം കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശി ശ്രാവണിനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

ചാലയിൽ ജ്വല്ലറി നടത്തുന്ന നന്ദകുമാർ എന്ന വ്യാപാരി കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രതികൾ സ്വർണം കവർന്നത്. ബിസിനസ് തർക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചാലയിൽ തന്നെ സ്വർണ വ്യാപാരം നടത്തുന്ന അമുൽ, ദിലീപ് എന്നിവരാണ് കവർച്ചയ്ക്കായി ക്വട്ടേഷൻ നൽകിയത്. നിരവധി കേസുകളിൽ പ്രതിയായ അനൂപ് രാജാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. 'ഷാഡോ അനിൽ' എന്നറിയപ്പെടുന്ന അനിൽ പ്രസാദും വിനോദ് ആന്റണിയും ബൈക്കിലെത്തി നന്ദകുമാറിന്റെ കയ്യിൽ നിന്ന് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

ജ്വല്ലറി ഉടമ കടപൂട്ടി ഇറങ്ങുന്നതടക്കമുള്ള വിവരങ്ങൾ ബൈക്കിൽ കറങ്ങിനടന്ന് നിരീക്ഷിച്ച് പ്രതികൾക്ക് കൈമാറിയത് ഒളിവിൽ പോയ ശ്രാവൺ ആണ്. കവർച്ചയ്ക്ക് ശേഷം ബൈക്കിൽ ഹൈവേയ്ക്ക് സമീപമെത്തിയ പ്രതികൾ, അവിടെ കാറുമായി കാത്തുനിന്ന അനൂപ് രാജിനൊപ്പം കയറി തമിഴ്‌നാട്ടിലേക്ക് കടന്നു. ശ്രാവണും ഇവർക്കൊപ്പം കാറിൽ കയറിയിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം തമിഴ്‌നാട്ടിൽ നിന്ന് ബംഗളൂരുവിലേക്ക് പോയി. ഫോർട്ട് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗളൂരുവിലെത്തിയതോടെ പ്രതികൾ വയനാട്ടിലേക്ക് കടന്നു. ഒടുവിൽ വയനാട് പടിഞ്ഞാറേത്തറയിൽ വെച്ച് പൊലീസ് കാർ വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു.

വയനാട്ടിൽ ഒളിവിൽ താമസിക്കാൻ സൗകര്യം തേടി പ്രതികൾ മുൻപരിചയക്കാരനായ രാജീവ് എന്നയാളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ തന്നെ സംഘം പൊലീസിന്റെ വലയിലായി. രാജീവിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം കവർച്ചയിൽ പങ്കില്ലെന്ന് ബോധ്യപ്പെട്ടതിനാൽ വിട്ടയച്ചു; ആവശ്യമെങ്കിൽ വീണ്ടും ഹാജരാകണമെന്ന് നിർദേശിച്ചിട്ടുണ്ട്.

article-image

cddadsadss

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed