വൃശ്ചിക പുലരിയെ വരവേൽക്കാൻ സന്നിധാനം ഒരുങ്ങി; ശബരിമല നട നാളെ തുറക്കും
ഷീബ വിജയൻ
പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട നാളെ (നവംബർ 16) തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിക്കും.
ഇതിന് ശേഷം ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി കൈപിടിച്ച് സോപാനത്തേക്ക് ആനയിക്കും. വൈകിട്ട് 6.30-ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും.
നവംബർ 17-ന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക. അതേസമയം, തീർഥാടകരുടെ സുരക്ഷയും തിരക്കും കണക്കിലെടുത്ത് നാളെ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂ എന്ന് പൊലീസ് അറിയിച്ചു. 16-ന് ഉച്ചയ്ക്ക് 12-ന് മുൻപ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട എസ്പി കെഎസ്ആർടിസിക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
dsdfsfdsfds


