ഗസയിലെ വംശഹത്യ പുറത്ത് പറയുമെന്ന് ഭയം: രണ്ട് പാലസ്തീനി ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് വിസ നിഷേധിച്ച് യുഎസ്
ഷീബ വിജയൻ
വാഷിംഗ്ടൺ: അമേരിക്കയിൽ പ്രഭാഷണ പര്യടനത്തിനായി എത്താനിരുന്ന രണ്ട് പ്രമുഖ ഫലസ്തീൻ ക്രൈസ്തവ പുരോഹിതർക്ക് യുഎസ് വിസ നിഷേധിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിൽ നിന്നുള്ള ഫാദർ ഇസ്സ തൽജിഹ്, പാസ്റ്റർ മുൻതർ ഐസക് എന്നിവർക്കാണ് അമേരിക്കൻ ഭരണകൂടം പ്രവേശനാനുമതി നിഷേധിച്ചത്. ഫലസ്തീൻ ഗ്രാമങ്ങൾക്ക് നേരെ ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് അമേരിക്കൻ പുരോഹിതന്മാർക്കൊപ്പം സംസാരിക്കാൻ അടുത്ത ആഴ്ച യുഎസിൽ എത്താനിരിക്കെയാണ് ഈ നടപടി.
ബെത്‌ലഹേമിലെ ചർച്ച് ഓഫ് ദി നേറ്റിവിറ്റിയിലെ ഇടവക വികാരിയാണ് ഫാദർ ഇസ്സ തൽജിഹ്. ബെത്‌ലഹേമിലെ തന്നെ ക്രിസ്മസ് ലൂഥറൻ ചർച്ച് പാസ്റ്ററാണ് മുൻതർ ഐസക്. ഫലസ്തീനിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പാർശ്വവൽക്കരണത്തെക്കുറിച്ചും, അവർ അനുഭവിക്കുന്ന ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങളെക്കുറിച്ചും അമേരിക്കയിലെ വിവിധ വേദികളിൽ സംസാരിക്കാനായിരുന്നു ഇരുവരുടെയും യാത്ര നിശ്ചയിച്ചിരുന്നത്.
യുഎസ് കാപിറ്റോളിന് സമീപം നടക്കുന്ന ക്രൈസ്തവ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു ഫാദർ ഇസ്സ തൽജിഹ് എത്തേണ്ടിയിരുന്നത്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനാണ് പാസ്റ്റർ മുൻതർ ഐസക് വിസയ്ക്ക് അപേക്ഷിച്ചിരുന്നത്. ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും അതിക്രമങ്ങൾക്കെതിരെ അമേരിക്കൻ കോൺഗ്രസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ, ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാ നേതാക്കൾ വാഷിംഗ്ടണിൽ ഒത്തുചേരുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീൻ പുരോഹിതർക്ക് വിലക്കേർപ്പെടുത്തുന്നത്.
xcdcdvcv


