ബഹ്റൈനിൽ വിൽക്കുന്ന പെട്രോളിന്റെ ഗുണനിലവാരം പരിശോധിക്കണമെന്ന് എം.പിമാർ; ഇന്ധനം പെട്ടെന്ന് തീരുന്നുവെന്ന് പരാതി
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ വിൽക്കുന്ന പെട്രോൾ ഇന്ധനത്തിന് സൗദി അറേബ്യയിലെ അതേ ഇന്ധനത്തേക്കാൾ മൈലേജ് കുറവാണെന്ന വാഹന ഉടമകളുടെ പരാതിയെത്തുടർന്ന് സമഗ്രമായ പരിശോധന നടത്തണമെന്ന് പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്ധന സബ്സിഡി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും എം.പിമാർ തേടിയിട്ടുണ്ട്.
ഒരേ ഒക്ടേൻ റേറ്റിംഗ് ഉണ്ടെങ്കിലും ബഹ്റൈനിൽ നിന്ന് വാങ്ങുന്ന പെട്രോൾ സൗദിയിലെ ഇന്ധനത്തേക്കാൾ വേഗത്തിൽ തീർന്നുപോകുന്നുവെന്ന പരാതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി. സൈനബ് അബ്ദുൾഅമീർ ഓയിൽ ആൻഡ് എൻവയോൺമെന്റ് മന്ത്രിക്ക് ഔദ്യോഗിക ചോദ്യങ്ങൾ സമർപ്പിച്ചു. മന്ത്രാലയത്തിന് ലഭിച്ച പരാതികൾ, അവ പരിശോധിക്കാൻ എടുത്ത നടപടികൾ, ഇരു രാജ്യങ്ങളിലെയും ഇന്ധനം താരതമ്യം ചെയ്തുകൊണ്ടുള്ള ലബോറട്ടറി പരിശോധനകളുടെയോ റോഡ് ട്രയലുകളുടെയോ ഫലങ്ങൾ എന്നിവയാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുവരെ അത്തരം പരിശോധനകൾ നടത്തിയിട്ടില്ലെങ്കിൽ, മോട്ടോറിസ്റ്റുകളിൽ നിന്ന് ആവർത്തിച്ചുള്ള പരാതികൾ ഉയരുന്നതിന്റെ കാരണം മന്ത്രി വ്യക്തമാക്കണമെന്ന് സൈനബ് അബ്ദുൾഅമീർ ആവശ്യപ്പെട്ടു. ബഹ്റൈനിലും സൗദി അറേബ്യയിലും വിൽക്കുന്ന പെട്രോളിന്റെ ഊർജ്ജ ഉള്ളടക്കം, സാന്ദ്രത, അഡിറ്റീവുകൾ, ഹൈഡ്രോകാർബൺ മിശ്രിതങ്ങൾ, ഒക്ടേൻ റേറ്റിംഗുകൾ, ബാഷ്പീകരണ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള രാസഘടനയുടെ വിശദാംശങ്ങളും നൽകണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ലിീറ്റർ ഇന്ധനത്തിൽ വാഹനം സഞ്ചരിക്കുന്ന ദൂരത്തെ ഇത്തരം വ്യത്യാസങ്ങൾ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുന്ന ലബോറട്ടറി ഫലങ്ങളും സാങ്കേതിക റിപ്പോർട്ടുകളും നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യാത്രാ ശീലങ്ങളിലോ പതിവ് റൂട്ടുകളിലോ മാറ്റമില്ലെങ്കിലും ജനങ്ങൾക്ക് കൂടുതൽ തവണ ഇന്ധനം നിറക്കേണ്ടി വരുന്നുണ്ടെന്ന് കാണിച്ച് സെപ്റ്റംബറിലും സമാനമായ പരാതികൾ എം.പി. ജലാൽ കാധെം ഉന്നയിച്ചിരുന്നു. ഉയർന്ന വില നൽകി പെട്രോൾ വാങ്ങുന്നതിനാൽ ഇന്ധനം വേഗത്തിൽ തീർന്നുപോകുന്നതിന്റെ കാരണം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ധന സാമ്പിളുകൾ പരിശോധിച്ച് നിലവിലെ ഉപഭോഗ നിരക്കുകൾ മുൻകാല കണക്കുകളുമായി താരതമ്യം ചെയ്ത് ഫലങ്ങൾ പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പരാതികൾ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അവ ശാസ്ത്രീയമായ പരിശോധനയ്ക്ക് അർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ധന സബ്സിഡി എടുത്തുകളഞ്ഞപ്പോൾ പെട്രോളിന്റെ ഗുണനിലവാരത്തിലോ സാന്ദ്രതയിലോ രാസഘടനയിലോ മാറ്റങ്ങൾ വന്നിട്ടുണ്ടോ എന്ന് എം.പി. അബ്ദുൽ ഹക്കീം അൽ ഷെനോ ചോദ്യം ചെയ്തു. സബ്സിഡി വെട്ടിക്കുറയ്ക്കുന്നതിന് മുമ്പുള്ളതും ശേഷമുള്ളതുമായ പ്രതിമാസ ഇന്ധന ഉപഭോഗ കണക്കുകളും, ഇതിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് ലഭിച്ച വരുമാനത്തിലെ വ്യത്യാസവും അദ്ദേഹം ആരാഞ്ഞു. ഉയർന്ന പെട്രോൾ വില കുടുംബങ്ങൾ, സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ടൂറിസം എന്നിവയിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ എന്തെങ്കിലും പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും അദ്ദേഹം വിശദാംശം തേടിയിട്ടുണ്ട്.
ഇന്ധനവില വർദ്ധനവുമായി ബന്ധപ്പെട്ട് നേരത്തെയും പാർലമെന്റിൽ ചർച്ചകൾ നടന്നിരുന്നു. ലോകവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് വാഹന ഉടമകളെ സംരക്ഷിക്കുന്നതിനായി പെട്രോൾ വിലയ്ക്ക് പരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ അൽ ഷെനോയും ജലാൽ കാധെമും ഉൾപ്പെടെയുള്ള അഞ്ച് എം.പിമാർ നൽകിയ പ്രമേയം പാർലമെന്റ് പാസാക്കിയിരുന്നു. ഉയർന്ന ഇന്ധനച്ചെലവ് നേരിടുന്ന ബഹ്റൈൻ പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ എം.പിമാർ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ പക്കൽ എന്തെങ്കിലും പദ്ധതികളുണ്ടോ എന്ന് അൽ ഷെനോ ഇപ്പോൾ മന്ത്രിയോട് ചോദിച്ചിട്ടുണ്ട്.
esfdfdfd


