പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് തള്ളി സർക്കാർ; 'അവർ തന്നെ കലക്കും, അവർ തന്നെ അന്വേഷിക്കും' എന്ന് തിരുവമ്പാടി ദേവസ്വം


ഷീബ വിജയൻ

തിരുവനന്തപുരം: 2024-ലെ തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന സർക്കാർ തള്ളി. എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ദുർബലമായ പരാമർശങ്ങൾ മാത്രം ഉൾപ്പെടുത്തിയതും, ആരോപണങ്ങൾക്കൊപ്പം വ്യക്തമായ തെളിവുകൾ ഇല്ലാത്തതുമായ റിപ്പോർട്ടാണ് സർക്കാർ മടക്കിയത്. കൂടുതൽ വിശദീകരണവും തെളിവുകളിൽ വ്യക്തതയും വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.

പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) കഴിഞ്ഞിരുന്നില്ല. തിരുവമ്പാടി ദേവസ്വത്തിലെ 10 ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപ ആഹ്വാനം, മതവിശ്വാസം വ്രണപ്പെടുത്തിയതിനുള്ള ഐപിസി 295(എ) ജാമ്യമില്ലാവകുപ്പ് എന്നിവ ചുമത്തി കേസെടുക്കാനായിരുന്നു റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ, പൂരത്തിന്റെ സംഘാടകർക്കെതിരെ ഈ വകുപ്പ് ചുമത്താനാവില്ലെന്നും, വ്യക്തമായ തെളിവുകളില്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.

പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുണ്ടായ 16 വീഴ്ചകളാണ് എസ്‌ഐടിയുടെ 15 പേജുള്ള റിപ്പോർട്ടിലുള്ളത്. പൊലീസിന്റെ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചെന്നും പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, ഏത് ഉദ്യോഗസ്ഥനാണ് എന്തുതരം വീഴ്ച വരുത്തിയതെന്നോ അവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നോ വ്യക്തമാക്കിയിട്ടില്ല. നേരത്തെ 2024-ൽ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളിയതിനെത്തുടർന്നാണ്, മുൻ സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ എസ്‌ഐടി രൂപീകരിച്ചത്. പുതിയ റിപ്പോർട്ടും മടക്കിയതോടെ വിവാദമായ പൂരം കലക്കൽ അന്വേഷണം വീണ്ടും പൊലീസിലേക്ക് തിരിച്ചെത്തുകയാണ്.

അതേസമയം, അന്വേഷണ റിപ്പോർട്ട് തള്ളിയ സർക്കാർ നടപടിയെ തിരുവമ്പാടി ദേവസ്വം പൂർണ്ണമായും സ്വാഗതം ചെയ്തു. പുനരന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം പ്രതിനിധികൾ ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നതായും, കാര്യങ്ങൾ പരിശോധിച്ചതിൽ സന്തോഷമുണ്ടെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ തൃശൂരിൽ പ്രതികരിച്ചു. എക്സിബിഷൻ പന്തൽ പൂട്ടിക്കുക, കുടമാറ്റത്തിന് കുട കൊണ്ടുവരുന്നത് തടയുക തുടങ്ങി വലിയ ഗൂഢാലോചനയാണ് പൂരത്തിന് നടന്നതെന്ന് മാധ്യമങ്ങൾക്കടക്കം അറിയാം. എന്നിട്ടും തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു അന്വേഷണം. പൊലീസ് ബന്തവസ്സിന് വേണ്ടി മാത്രം ദേവസ്വങ്ങൾക്ക് വലിയൊരു തുക ചെലവാകുന്നുണ്ട്, അങ്ങനെയുള്ളപ്പോൾ ഇരു ദേവസ്വങ്ങളും എങ്ങനെയാണ് പൂരം കലക്കാൻ തുനിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടായിരുന്നു സമർപ്പിച്ചിരുന്നത്. കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തതുപോലെയായിരുന്നു അന്വേഷണം; 'അവർ തന്നെ കലക്കുന്നു, അവർ തന്നെ അന്വേഷിക്കുന്നു' എന്നതായിരുന്നു അവസ്ഥയെന്നും കെ. ഗിരീഷ് കുമാർ വിമർശിച്ചു.

article-image

fhtfgfg

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed