റെസ്റ്റോറന്റിൽ കവർച്ച; പ്രതിക്ക് ബഹ്റൈനിൽ അഞ്ച് വർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ: പുലർച്ചെ റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുന്നതിനിടെ അബദ്ധത്തിൽ ജീവനക്കാരന് ഫോൺ കോൾ പോയതിനെ തുടർന്ന് പിടിയിലായ നൈജീരിയൻ പ്രവാസിക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷവും 10 ദിവസവും തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം 26-കാരനായ പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

ലെബനീസ് ഷവർമ്മ റെസ്റ്റോറന്റിൽ അതിക്രമിച്ചു കയറി ക്യാഷ് രജിസ്റ്റർ തകർത്ത് 260 ബഹ്‌റൈൻ ദിനാർ മോഷ്ടിച്ചതിനും, 27-കാരനായ ഇന്ത്യൻ അക്കൗണ്ടന്റിനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയതിനുമാണ് അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചത്. 2022 ജൂലൈയിൽ കാലാവധി കഴിഞ്ഞ താമസരേഖ പുതുക്കാതെ രാജ്യത്ത് അനധികൃതമായി തുടർന്നതിന് 10 ദിവസത്തെ അധിക തടവും വിധിച്ചിട്ടുണ്ട്.

പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങുകയായിരുന്ന ഇന്ത്യൻ അക്കൗണ്ടന്റിന്റെ മൊബൈൽ ഫോണിലേക്ക്, അടച്ചിട്ടിരുന്ന റെസ്റ്റോറന്റിലെ ഫോണിൽ നിന്ന് അപ്രതീക്ഷിതമായി കോൾ വരികയായിരുന്നു. കോൾ എടുത്തെങ്കിലും മറുതലയ്ക്കൽ ആരും സംസാരിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാരൻ ഉടൻ തന്നെ കടയിലെത്തി പരിശോധിച്ചു. പിൻവശത്തെ ഗ്ലാസ് വാതിലിലെ സെർവിംഗ് വിൻഡോ വഴി അകത്തുകടന്ന പ്രതി റെസ്റ്റോറന്റിനുള്ളിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടു.

ഉടൻ തന്നെ സഹപ്രവർത്തകനെ സഹായത്തിനായി വിളിച്ച ശേഷം, അതേ ജനാലയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ അക്കൗണ്ടന്റ് പിന്തുടർന്ന് പിടികൂടി. കടയിൽ എന്തിനാണ് കയറിയതെന്നും തനിക്ക് എന്തിനാണ് വിളിച്ചതെന്നും ചോദിച്ചപ്പോൾ, അബദ്ധത്തിൽ കോൾ പോയതാണെന്ന് പ്രതി മറുപടി നൽകുകയും ഫോൺ തിരികെ ഏൽപ്പിക്കുകയും ചെയ്തു. എന്നാൽ, തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ജീവനക്കാരന് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ ഭയന്നുപോയ ഇദ്ദേഹം പിടിവിടുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.

റെസ്റ്റോറന്റിനുള്ളിൽ പരിശോധിച്ചപ്പോൾ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലും ക്യാഷ് ബോക്സ് തകർത്ത് പണം അപഹരിച്ച നിലയിലും കണ്ടെത്തി. പ്രതി കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറുന്നതിന്റെയും സാധനങ്ങൾ വലിച്ചെറിയുന്നതിന്റെയും ജീവനക്കാരനുമായി പുറത്തുവെച്ച് ഏറ്റുമുട്ടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.

പോലീസ് അന്വേഷണത്തിലും പബ്ലിക് പ്രോസിക്യൂഷൻ ചോദ്യം ചെയ്യലിലും കോടതിയിലും പ്രതി കുറ്റം സമ്മതിച്ചു. വിചാരണയ്ക്കിടെ മോഷ്ടിച്ച തുക 80 ദിനാർ, 60 ദിനാർ, 44 ദിനാർ എന്നിങ്ങനെ പലതവണയായി കുറച്ചു കാണിക്കാൻ പ്രതി ശ്രമിച്ചെങ്കിലും, 260 ദിനാർ മോഷ്ടിച്ചതായി കോടതി കണ്ടെത്തി. പ്രതി മുൻപും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

article-image

dedsdsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed