22 മണിക്കൂർ നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം സ്റ്റാർഷിപ്പ് തിരിച്ചിറങ്ങി; ചരിത്രനേട്ടവുമായി സ്പേസ് എക്സ്
ഷീബ വിജയൻ
22 മണിക്കൂറും 32 മിനിറ്റും നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ലോഞ്ച് പാഡിൽ സുരക്ഷിതമായി തിരിച്ചിറങ്ങി ചരിത്രം സൃഷ്ടിച്ചു. സമ്പൂർണ്ണ പുനരുപയോഗ റോക്കറ്റ് എന്ന ഇലോൺ മസ്കിന്റെ സ്വപ്നം ഇതോടെ കൈയ്യെത്തും ദൂരത്തായിരിക്കുകയാണ്. 52 മീറ്റർ നീളമുള്ള പടുകൂറ്റൻ റോക്കറ്റ് പതിനാല് വട്ടം ഭൂമിയെ ചുറ്റിയ ശേഷമാണ് ടെക്സാസിലെ സ്റ്റാർബേസിലുള്ള പ്രത്യേക ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിയത്. ബഹിരാകാശ യാത്രയ്ക്ക് ശേഷം പേടകങ്ങൾ മാത്രം തിരികെ എത്തുന്നതിന് പകരം, ഒരു മുഴുവൻ റോക്കറ്റിനെ തന്നെ ഭ്രമണപഥത്തിലേക്കയച്ച് തിരികെ കൊണ്ടുവരാൻ സ്പേസ് എക്സിന് സാധിച്ചു.
14-ാം തീയതി ഇന്ത്യൻ സമയം പുലർച്ചെ 4:17-നായിരുന്നു സ്റ്റാർഷിപ്പിന്റെ പതിനഞ്ചാം പരീക്ഷണ വിക്ഷേപണം. സൂപ്പർ ഹെവി ബൂസ്റ്റർ, സ്റ്റാർഷിപ്പ് എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ചേർന്നതാണ് ഈ റോക്കറ്റ്. ഇതിൽ സൂപ്പർ ഹെവി ബൂസ്റ്ററിനെ ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വരികയും, വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിനുള്ളിൽ അത് കടലിൽ പതിക്കുകയും ചെയ്തു. എന്നാൽ യാത്ര തുടർന്ന സ്റ്റാർഷിപ്പ് ബഹിരാകാശത്തെത്തി 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ സ്ഥാപിച്ചു.
തുടർന്ന് ഭൗമാന്തരീക്ഷത്തിലേക്ക് സുരക്ഷിതമായി പ്രവേശിച്ച റോക്കറ്റ്, കടുത്ത ചൂടിനെ അതിജീവിച്ച് വേഗത നിയന്ത്രിച്ച് ലോഞ്ച് പാഡിലേക്ക് സ്വയമെത്തി. അവിടെ 'മെക്കാസില്ല' എന്ന കൂറ്റൻ യന്ത്രക്കൈകൾ റോക്കറ്റിനെ കൃത്യമായി പിടിച്ചെടുത്തതോടെ ദൗത്യം സമ്പൂർണ്ണ വിജയമായി. ഒട്ടേറെ പരാജയങ്ങളും പൊട്ടിത്തെറികളും മറികടന്നാണ് സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചത്. അടുത്ത ഘട്ടത്തിൽ ബൂസ്റ്ററിനെയും സ്റ്റാർഷിപ്പിനെയും ഒരുമിച്ച് വീണ്ടെടുക്കുക, തുടർച്ചയായ വിക്ഷേപണങ്ങൾ നടത്തുക, ബഹിരാകാശത്ത് വെച്ച് രണ്ട് സ്റ്റാർഷിപ്പുകൾ തമ്മിൽ ഇന്ധനം കൈമാറുക, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും യാത്ര നടത്തുക തുടങ്ങിയ വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്ക് മുന്നിലുള്ളത്. നാസയുടെ ആർട്ടെമിസ് ദൗത്യങ്ങളിൽ മനുഷ്യനെ ചന്ദ്രനിലിറക്കുന്ന ലാൻഡറായി പ്രവർത്തിക്കേണ്ട സ്റ്റാർഷിപ്പിന്റെ ഈ വിജയം നാസയ്ക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
ssdfafddfds


