'ഇനി ഞാൻ ബ്രിട്ടീഷുകാരൻ'; അഴിമതി കേസുകളിൽ പ്രതിയായ ലളിത് മോദി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു
ഷീബ വിജയൻ
ലണ്ടൻ: ഇന്ത്യയിൽ സാമ്പത്തിക ക്രമക്കേടുകൾക്കും കള്ളപ്പണം വെളുപ്പിക്കലിനും കേസുകൾ നേരിട്ട് 16 വർഷമായി ഒളിവിൽ കഴിയുന്ന ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി ഔദ്യോഗികമായി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കി. ചാൾസ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓക്സ്ഫർഡ് യൂണിയനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ലളിത് മോദി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടർന്ന് "ഗോഡ് സേവ് ദി കിങ്" എന്ന വാചകത്തോടെ സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.
2010-ൽ ഇന്ത്യ വിട്ട ലളിത് മോദി ബ്രിട്ടനിലാണ് ഒളിജീവിതം നയിക്കുന്നത്. യുകെ തനിക്ക് വർഷങ്ങളായി വീട് പോലെയാണെന്നും അവിടുത്തെ ജനങ്ങളെയും മൂല്യങ്ങളെയും താൻ അഗാധമായി സ്നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വം ഒരു പദവിയും ഒപ്പം വലിയ ഉത്തരവാദിത്തവുമാണെന്നും രാജ്യത്തിന്റെ പുരോഗതിക്കായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലളിത് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേന്ദ്രസർക്കാരും നിയമനടപടികൾ തുടരുന്നതിനിടെയാണ് ഈ പുതിയ പൗരത്വ പ്രഖ്യാപനം.
2008-ൽ ഐപിഎല്ലിന് തുടക്കമിട്ട ലളിത് മോദി, പിന്നീട് അഴിമതി ആരോപണങ്ങളെ തുടർന്ന് 2010-ൽ ബിസിസിഐയുടെ സസ്പെൻഷനും 2013-ൽ ആജീവനാന്ത വിലക്കിനും ഇരയായി. തുടർന്ന് ഇന്ത്യ വിട്ട ഇദ്ദേഹത്തിനെതിരെ 2015-ൽ മുംബൈ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. താൻ ഒളിച്ചോടുകയല്ലെന്നും തനിക്കെതിരെയുള്ള കേസുകളിൽ ഇതുവരെ കോടതികളുടെ അന്തിമ ശിക്ഷയൊന്നും വന്നിട്ടില്ലെന്നും ലളിത് മോദി അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാൽ, സാമ്പത്തിക കുറ്റവാളികൾക്ക് യുകെ സുരക്ഷിത താവളമാകുന്നുവെന്ന തരത്തിൽ വ്യാപക വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനത്തിന് പിന്നാലെ ഉയരുന്നത്.
erwerwerwer


