മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്തിലേക്ക് 15 മിനിറ്റ്; കൊച്ചിയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ 'സ്കൈ മെട്രോ'യുമായി ഇ. ശ്രീധരൻ
ഷീബ വിജയൻ
കൊച്ചി: മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള 9 കിലോമീറ്റർ യാത്ര വെറും 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന 'സ്കൈ മെട്രോ' ഇടനാഴി നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. ഉറപ്പുള്ള സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകൾ ഉപയോഗിക്കുന്ന നൂതന ഗതാഗത സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. 'ദി ന്യൂ ഇന്ത്യൻ എക്സ്പ്രസി'നോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിൽ വർധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങളും, പരമ്പരാഗത മെട്രോ ശൃംഖല വികസിപ്പിക്കുന്നതിനുള്ള ഉയർന്ന ചെലവും കണക്കിലെടുത്താണ് പുതിയ നിർദേശം. പരമ്പരാഗത എലിവേറ്റഡ് മെട്രോ ലൈനിന് കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ, സ്കൈ മെട്രോയ്ക്ക് കിലോമീറ്ററിന് 100 കോടി രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ എന്ന് ശ്രീധരൻ വിലയിരുത്തുന്നു. ഷാർജയിൽ അടുത്തിടെ സ്ഥാപിച്ച സമാന സംവിധാനം പഠിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ അദ്ദേഹം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (കെഎംആർഎൽ) ആവശ്യപ്പെട്ടു.
"കൊച്ചിയിലെ ചിതറിക്കിടക്കുന്ന ജനസംഖ്യയ്ക്ക് വേഗത്തിൽ മെട്രോ ശൃംഖല വികസിപ്പിക്കേണ്ടതുണ്ട്. ജിഎസ്ടി അടക്കമുള്ള നികുതികൾ കാരണം പരമ്പരാഗത മെട്രോകൾ സംസ്ഥാന സർക്കാരുകൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. സർക്കാർ സബ്സിഡികൾ കുറയുകയും നിർമാണ സാമഗ്രികളുടെയും ഭൂമിയുടെയും വില കൂടുകയും ചെയ്യുന്നു. വൈദ്യുതി നിരക്കും ഉയരുകയാണ്," ശ്രീധരൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത മെട്രോയെ ന്യായീകരിക്കാൻ തക്ക യാത്രക്കാരുടെ എണ്ണം ഇല്ലാത്ത റൂട്ടുകളിൽ ചെലവ് കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗതാഗത സംവിധാനങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപമുള്ള മന്ത്ര റോഡ് - സാന്റോ ഗോപാലൻ റോഡ് ജംക്ഷനിൽ നിന്നാണ് പാത ആരംഭിക്കുന്നത്. സാന്റോ ഗോപാലൻ റോഡിലൂടെ സഞ്ചരിച്ച് പി.ടി. ജേക്കബ് റോഡിലേക്ക് തിരിഞ്ഞ് ഗേറ്റ്‌വേ ഓഫ് കൊച്ചിൻ പാലം കടക്കും. അവിടെനിന്ന് പഴയ എൻഎച്ച്-47 വഴി വെണ്ടുരുത്തി പാലം കടന്ന് പേരമാനൂരിലേക്ക് എത്തും. തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡിനായി ഉണ്ടായിരുന്ന പഴയ റെയിൽവേ സൈഡിങ് അലൈൻമെന്റിലൂടെ റെയിൽവേ ട്രാക്കിലേക്ക് തിരിഞ്ഞ്, നിലവിലുള്ള റെയിൽവേ ലൈനിന്റെ പടിഞ്ഞാറുഭാഗത്തുകൂടി എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് നീങ്ങും. രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ 9 കിലോമീറ്റർ പാതയിൽ 10 സ്റ്റേഷനുകളാണ് ഉണ്ടാവുക. താങ്ങുതൂണുകൾ 200 മുതൽ 300 മീറ്റർ വരെ ഇടവിട്ട് സ്ഥാപിക്കുമ്പോൾ, കൃത്യമായി ഒരു കിലോമീറ്റർ ഇടവിട്ടാണ് സ്റ്റേഷനുകൾ നിർദേശിച്ചിരിക്കുന്നത്.
മെട്രോ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഉറപ്പുള്ള സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകളാണ് ഈ സംവിധാനത്തിൽ ഉപയോഗിക്കുക. നിർദിഷ്ട ഡബിൾ-റെയിൽ സംവിധാനത്തിൽ ഏകദേശം 16 യാത്രക്കാരെ ഉൾക്കൊള്ളുന്ന ഓരോ പോഡുകൾക്കും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. അയവുള്ള കേബിളുകൾക്ക് പകരം ഉറപ്പുള്ള ഗർഡറുകൾ ഉപയോഗിക്കുന്നതിനാൽ 40 മീറ്റർ വരെ ആരമുള്ള വളവുകളും സാധ്യമാകുമെന്ന് ശ്രീധരൻ വ്യക്തമാക്കി. ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ വഹിക്കാൻ ഈ പാതയ്ക്ക് കഴിയും. ഇതിലൂടെ മണിക്കൂറിൽ 1,200 യാത്രക്കാർക്കും, 10 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു ദിവസത്തിൽ 12,000 യാത്രക്കാർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
erwesers


