ഇന്ത്യക്കും മോഡിക്കും ട്രംപിന്റെ പ്രശംസ
ഹനോയി : ഇന്ത്യയെയും പ്രധാനമന്ത്രിനരേന്ദ്ര മോഡിയെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. വിയറ്റ്നാമിൽ നടക്കുന്ന എ.പി.ഇ.സി (ഏഷ്യ പസഫിക് എക്കണോമിക് കോ ഓപറേഷൻ) യുടെ ചീഫ് എക്സിക്യൂട്ടീവുകളുടെ ഉച്ചകോടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ട്രംപ്. പുതിയ നയങ്ങളിലൂടെ സാന്പത്തിക മേഖലയിൽ അത്ഭുതാവഹമായ വളർച്ചയാണ് ഇന്ത്യ കൈവരിച്ചതെന്നും വിശാലമായ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഒരുമിച്ച് നിർത്തുന്നതിൽ മോഡി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു പ്രസംഗത്തിനിടെ അദ്ദേഹം രാജ്യത്തെ വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യ. നൂറ് കോടിയിലധികം ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ട്രംപ് പറഞ്ഞു.
മധ്യവർഗത്തിന് ജോലി നൽകുന്നതിനുള്ള പുതിയൊരു ലോകം തന്നെയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വതന്ത്ര ഇന്തോ−പസഫിക് മേഖലയെന്ന തന്‍റെ ദർശനവും ട്രംപ് പങ്കുവച്ചു. ജപ്പാൻ, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ചേർന്ന് ചൈനയെ നേരിടാനുള്ള അമേരിക്കയുടെ പദ്ധതി ട്രംപ് വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹം ഈ വാക്കുകളിലൂടെ ഉണ്ടായി.
ആഗോളവാണിജ്യ രംഗത്ത് അമേരിക്കയുടെ ദൗർബല്യം മറ്റു രാജ്യങ്ങൾ മുതലെടുക്കുന്നതിനെതിരേ ഉച്ചകോടിയിൽ ട്രംപ് മുന്നറിയിപ്പു നൽകി. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഉയർത്തിയ ‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യം തന്നെയാണ് ആഗോളതലത്തിലെ ഏതു വിഷയത്തിലും തന്‍റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ചില രാജ്യങ്ങൾ അമേരിക്കയോട് ന്യായരഹിതമായാണു പെരുമാറുന്നതെന്ന് ട്രംപ് ആരോപിച്ചു. ഈ യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവരും തങ്ങളുടെ രാജ്യത്തിനാണ് ആദ്യ പരിഗണന നൽകുക. അതുപോലതന്നെ അമേരിക്ക ആദ്യം എന്നതാണ് തന്‍റെയും നിലപാടെന്ന് ട്രം പറഞ്ഞു.
വിയറ്റ്നാമിലേക്കു തിരിക്കും മുന്പ് ചൈനീസ് പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ് അദ്ദേഹത്തെയും പ്രശംസ കൊണ്ട് മൂടിയിരുന്നു. ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഷീ ജിൻപിംഗ്് എന്ന് അമേരിക്കൻ ട്രംപ് പറഞ്ഞു. അദ്ദേഹം വളരെ ബഹുമാന്യനും ചൈനീസ് ജനതയുടെ ശക്തനായ പ്രതിനിധിയുമാണ്. അദ്ദേഹത്തിന്റെയും പത്നി പെങ് ലിയുവാന്റെയും ആതിഥ്യം സ്വീകരിക്കാൻ സാധിച്ചതു വളരെ മഹത്തരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു.


