ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച : പ്രീതി പട്ടേൽ രാജി വെച്ചു
ലണ്ടൻ : ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് ക്യാബിനറ്റ് മന്ത്രി പ്രീതി പട്ടേൽ രാജി െവച്ചു. ഇന്റർനാഷനൽ ഡവലപ്മെന്റ് മന്ത്രിയായിരുന്നു പ്രീതി പട്ടേൽ. കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രയേലിൽ സ്വകാര്യ സന്ദർശനത്തിനിടെ ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തിയതിനെത്തുടർന്നുള്ള വിവാദമാണ് പ്രീതി പട്ടേലിന്റെ രാജിയിൽ കലാശിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെയുള്ള ഉന്നതർ അറിയാതെയായിരുന്നു പ്രീതി പട്ടേൽ ഇസ്രയേലിലെ രാഷ്ട്രീയ നേതൃത്വവുമായി ചർച്ച നടത്തിയത്.
സ്വകാര്യ സന്ദർശനത്തിന് ഇസ്രയേലിൽ പോയപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി പ്രീതി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയുടെ വിവരം ഫോറിൻ ഓഫീസിനെയോ ഇസ്രയേലിലുള്ള ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയോ അറിയിച്ചില്ല. കൂടിക്കാഴ്ച വിവാദമായതിനെത്തുടർന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ബഹളം നടക്കുകയും പ്രീതി മാപ്പു പറയുകയും ചെയ്തിരുന്നു. ഇതോടെ വിഷയം തീർന്നു എന്ന് കരുതവേ ആഗസ്റ്റിലെ കൂടിക്കാഴ്ചയ്ക്കുശേഷം ന്യൂയോർക്കിലും ലണ്ടനിലും ഇസ്രേലി നേതാക്കളുമായി പ്രീതി വീണ്ടും രഹസ്യ ചർച്ച നടത്തിയെന്ന് വ്യക്തമായതാണ് ഇപ്പോൾ അവർക്ക് വിനയായത്. തെരേസ മേയോ വിദേശകാര്യമന്ത്രാലയമോ അറിയാതെ പ്രീതി ഇസ്രയേൽ അധികൃതരുമായി ഒരു ഡസനോളം കൂടിക്കാഴ്ചകൾ നടത്തിയെന്നാണ് വാർത്തകൾ. ഇസ്രയേൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ വിവരം പ്രീതി തന്നെ ട്വിറ്ററിലൂടെയും മറ്റും ചിത്രങ്ങൾ സഹിതം വെളിപ്പെടുത്തിയിട്ടുള്ളതും അവർക്കെതിരെയുള്ള തെളിവായി. ആഫ്രിക്കയിലെ ഉഗാണ്ടയിലായിരുന്ന മന്ത്രിയോട് സന്ദർശനം വെട്ടിച്ചുരുക്കി ഉടൻ ലണ്ടനിലെത്താൻ പ്രധാനമന്ത്രി തെരേസ മേ ആവശ്യപ്പെടുകയായിരുന്നു. യാത്ര വെട്ടിച്ചുരുക്കി ലണ്ടനിൽ തിരിച്ചെത്തിയ ഉടനെ പ്രീതി രാജി സമർപ്പിച്ചു. ഗോലാൻ കുന്നുകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇസ്രേലി സൈന്യത്തിനു ഫണ്ട് ലഭ്യമാക്കുന്നത് സംബന്ധിച്ചായിരുന്നു പ്രീതി ചർച്ച നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
2010ലാണ് പ്രീതി ആദ്യമായി എ.ംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2015ലും 2017ലും പാർലമെന്റംഗമായി. ഡേവിഡ് കാമറൂൺ മന്ത്രിസഭയിൽ തൊഴിൽ മന്ത്രാലയത്തിന്റെയും പിന്നീട് ട്രഷറിയുടെയും ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ബ്രക്സിറ്റ് ഹിതപരിശോധന പ്രഖ്യാപിച്ചതോടെ കാമറൂണിനെ തള്ളിപ്പറഞ്ഞ പ്രീതി ബ്രക്സിറ്റ് ക്യാന്പയ്നിൽ ബോറിസ് ജോൺസണൊപ്പം ലീവ് പക്ഷത്തായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള പല ഇന്ത്യൻ നേതാക്കളുടെ അടുത്ത സുഹൃത്തു കൂടിയാണ് ബ്രിട്ടിഷ് സർക്കാരിലെ ഇന്ത്യൻ മുഖമായ പ്രീതി പട്ടേൽ എന്ന നാൽപത്തഞ്ചുകാരി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബ്രിട്ടീഷ് സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ വലിയ നയതന്ത്ര വിജയമാക്കി തീർക്കുന്നതിൽ പ്രീതി വഹിച്ച പങ്ക് വലുതായിരുന്നു.
ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽനിന്നും 1960ൽ ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യൻ ദന്പതികളുടെ മകളാണ് പ്രീതി പട്ടേൽ. പതിറ്റാണ്ടുകൾക്ക് മുന്പു ഗുജറാത്തിൽനിന്ന് ഉഗാണ്ടയിലേക്ക് കുടിയേറിയവരാണ് പ്രീതിയുടെ അമ്മ അഞ്ജനയുടെ കുടുംബം. അച്ഛൻ സുശീൽ പട്ടേൽ ഗുജറാത്തിലെ സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണ്. കാപ്പി, തേയില തോട്ടങ്ങളും തുണി വ്യവസായവുമായി മികച്ച രീതിയിൽ ഉഗാണ്ടയിൽ കഴിഞ്ഞിരുന്ന കുടുംബം, ഏകാധിപതി ഇദി അമീന്റെ പീഡനങ്ങൾ സഹിക്കാനാവാതെ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു.


