ഉത്തര കൊറിയ ചർച്ചക്ക് തയ്യാറാകണമെന്ന് ട്രംപ്
സോൾ : ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഉത്തരകൊറിയ ചർച്ചക്ക് തയ്യാറാകണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രശ്നപരിഹാര ചർച്ചകളോട് ഉത്തര കൊറിയ സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഏഷ്യൻ രാജ്യങ്ങളുടെ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെത്തിയ ട്രംപ് പ്രസിഡണ്ട് മൂൺ ജെ ഇന്നുമായി കൂടിക്കാഴ്ച നടത്തി.
ഉത്തരകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ പുതിയ നീക്കം. ആണവ പരീക്ഷണങ്ങളിൽ നിന്ന് ഉത്തരകൊറിയ പിന്‍മാറണമെന്ന നിലപാട് ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജെ ഇന്നും ആവർത്തിച്ചു.
ഉത്തരകൊറിയ ലോകത്തിനുതന്നെ ഭീഷണിയാണെന്നും അവരെ നേരിടാൻ ആഗോളതലത്തിൽ ശ്രമമുണ്ടാവണമെന്നും ട്രംപ് പറഞ്ഞു. പ്യോഗ്യാംഗിന്‍റെ ആണവമോഹത്തിനു തടയിടാൻ യു.എസിന്‍റെ മുഴുവൻ സൈനികശക്തിയും പ്രയോഗിക്കാൻ താൻ ഒരുക്കമാണെന്നും ഉത്തര കൊറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അവസാനം അതു വിജയിക്കുമെന്നാണു കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിരായുധീകരിക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ ചൈനയ്ക്കു ശേഷിയുണ്ട്. ഇക്കാര്യത്തിൽ സഹകരിക്കാമെന്നു ചൈന വാഗ്ദാനം ചെയ്തിട്ടുമുണ്ട്. റഷ്യയുടെ സഹായവും കിട്ടുമെന്നാണു പ്രതീക്ഷയെന്നും മൂൺ ജേ ഇൻ നൽകിയ വിരുന്നു സത്കാരവേളയിൽ ട്രംപ് പറഞ്ഞു.
ചൈനയും റഷ്യയും ഉത്തരകൊറിയക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു. പ്രതിരോധ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്നാണ് സൂചന. സൈനിക ആയുധങ്ങൾ വാങ്ങുന്നതിനായി ഡോളറുകളുടെ ഇടപാടുകളിലും ഒപ്പുവെച്ചു. എന്നാൽ ദക്ഷിണ കൊറിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ അമേരിക്കക്ക് നഷ്ടമുണ്ടാക്കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി.
ട്രംപിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്തും എതിർത്തും തലസ്ഥാനമായ സോളിൽ റാലികൾ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ട്രംപ് സന്ദർശിക്കും.
അതേസമയം ഉത്തര, ദക്ഷിണ കൊറിയകൾക്കിടയിലെ സൈനികരഹിത മേഖലയിലേക്ക് (ഡി.എം.സെഡ്) നടത്താനിരുന്ന അപ്രതീക്ഷിത സന്ദർശനം ട്രംപ് റദ്ദാക്കി. കാലാവസ്ഥ മോശമായതിനെ തുടർന്നാണ് തീരുമാനം. സോളിലെ യു.എസ് സൈനിക താവളത്തിൽ നിന്ന് പുറപ്പെട്ട ട്രംപിന്‍റെ ഹെലികോപ്റ്റർ യാത്ര റദ്ദാക്കി മടങ്ങിയെന്നു അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.


