മെഡിറ്ററേനിയൻ കടലിൽ 26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
റോം : മെഡിറ്ററേനിയൻ കടലിൽ മുങ്ങിയ ബോട്ടിനു സമീപത്തു നിന്നും ഇറ്റാലിയൻ അധികൃതർ 26 പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നൈജർ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുമായി വന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പതിനാലിനും പതിനെട്ടിനും ഇടയ്ക്കു പ്രായമുള്ള പെൺകുട്ടികളുടെ മൃതദേഹങ്ങളാണു കിട്ടിയത്. മരണകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഓഫീസറായ ലോറീനാ സിക്കോട്ടി പറഞ്ഞു. കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും സമഗ്രമായി അന്വേഷിക്കും.
പട്രോളിംഗ് നടത്തുന്ന സ്പാനിഷ് യുദ്ധക്കപ്പലാണു ബോട്ടും സമീപത്തു മൃതദേഹങ്ങളും കണ്ടെത്തിയത്. ഏതാനും അഭയാർത്ഥികളെ സ്പാനിഷ് കപ്പൽ രക്ഷപ്പെടുത്തി ഇറ്റലിയിലെത്തിച്ചിട്ടുണ്ട്.


