രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ആക്രമിച്ച് തകർത്ത അമേരിക്കൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
വാഷിംഗ്ടൺ : രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാൻ ആക്രമിച്ചു തകർത്ത അമേരിക്കൻ പടക്കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യു.എസ്.എസ് ഇന്ത്യാനാ പോലിസ് എന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് പസഫിക് സമുദ്രത്തിൽ ഫിലിപ്പീൻസ് തീരത്തിനോട് ചേർന്ന് മൂന്നര മൈൽ ആഴത്തിലാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഗവേഷകർ കണ്ടത്തിയത്. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ പോൾ ജി അലന്റെ നേതൃത്വത്തിൽ നടത്തിയ പര്യവേക്ഷണത്തിലാണ് കപ്പൽ കണ്ടെത്തിയത്.
72 വർഷങ്ങൾക്ക് മുന്പാണ് ജാപ്പനീസ് നാവികസേന ടോർപീഡോ ആക്രമണത്തിലൂടെ കപ്പൽ തകർത്തത്. രണ്ടാം ലോകയുദ്ധം അതിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കെ 1945 ജൂലൈ 30 നാണ് കപ്പൽ കടലിൽ മുങ്ങിയത്. കപ്പൽ നഷ്ടപ്പെട്ട കാര്യം നാലു ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്ക അറിയുന്നത്. 1200 പേരുണ്ടായിരുന്ന കപ്പലിൽ നിന്ന് 800 പേർ രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇവരിൽ 600 പേർ പിന്നീട് പ്രതികൂല കാലാവസ്ഥയെ തുടർന്ന് രോഗങ്ങൾ ബാധിച്ചും നിർജലീകരണം, സ്രാവുകളുടെ ആക്രമണം എന്നിവ കാരണം മരണപ്പെടുകയും ചെയ്തു. ഈ അവസ്ഥയെ അതിജീവിച്ചവരിൽ 19 പേർ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്.
ലിറ്റിൽ ബോയ് എന്ന അണുബോംബിനെ ടിനിയൻ എന്ന ദ്വീപിലേക്കെത്തിക്കുക എന്ന രഹസ്യ ദൗത്യം പൂർത്തിയാക്കിയതിന് തൊട്ടു പിന്നാലെയാണ് കപ്പൽ ജപ്പാന്റെ ആക്രമണത്തിൽ തകരുന്നത്. ലിറ്റിൽബോയ് പിന്നീട് ജപ്പാനിലെ ഹിരോഷിമയിൽ പ്രയോഗിക്കപ്പെടുകയും ആയിരങ്ങൾ നിമിഷ നേരങ്ങൾ കൊണ്ട് കൊല്ലപ്പെടുകയും ചെയ്തു. ചരിത്ര പ്രാധാന്യമുളള ഈ കപ്പൽ കണ്ടെത്താൻ ദശകങ്ങളായി പര്യവേക്ഷണം നടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷമാണ് കപ്പൽ മുങ്ങിയ സ്ഥാനം നിർണയിക്കാൻ സാധിച്ചത്.

