കിം ജോംഗ് ഉന്നിന്റെ നിലപാടിൽ അയവ് : സ്വാഗതം ചെയ്ത് ട്രംപ്
ന്യൂയോർക്ക് : പസഫിക്കിലെ ഗുവാം ദ്വീപിനു നേരെ ഭൂഖണ്ധാന്തര മിസൈൽ (ഐ.സി.ബി.എം) ആക്രമണം നടത്താനുള്ള പദ്ധതി തൽക്കാലത്തേക്കു മരവിപ്പിക്കാനുള്ള ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ തീരുമാനം സ്വാഗതാർഹമെന്നു യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്.
കിം ജോംഗ് ഉൻ ബുദ്ധിപൂർവകവും യുക്തിക്കു നിരക്കുന്നതുമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. തീരുമാനം മറ്റൊന്നായിരുന്നുവെങ്കിൽ അത് ഏറെ ദുരിതപൂർണവും സ്വീകാര്യവുമാകുമായിരുന്നുവെന്ന് ട്രംപ് ട്വീറ്റു ചെയ്തു.
അമേരിക്കൻ സൈനികത്താവളം സ്ഥിതിചെയ്യുന്ന ഗുവാമിൽ മിസൈൽ വർഷം നടത്തുന്നതു സംബന്ധിച്ചുള്ള പദ്ധതി ചൊവ്വാഴ്ച സൈന്യത്തിലെ മിസൈൽ വിഭാഗം കിമ്മിനു സമർപ്പിച്ചു. പദ്ധതി വിശദമായി പഠിച്ച കിം മിസൈൽ ആക്രമണം നീട്ടിവയ്ക്കാൻ തീരുമാനിച്ചെന്ന് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെ.സി.എൻ.എ റിപ്പോർട്ടു ചെയ്തു.
യാങ്കികളുടെ (അമേരിക്കക്കാർ) മണ്ടൻ പെരുമാറ്റം കുറേക്കൂടി നിരീക്ഷിച്ചിട്ടാവാം ആക്രമണകാര്യത്തിൽ തീരുമാനമെടുക്കുന്നത് എന്ന നിലപാടാണു കിം കൈക്കൊണ്ടതെന്ന് കെ.സി.എൻ.എ പറഞ്ഞു.
ആക്രമണത്തിൽനിന്നു കിം തൽക്കാലത്തേക്കു പിന്മാറിയ സാഹചര്യത്തിൽ വാഷിംഗ്ടൺ ചർച്ചയ്ക്കു സന്നദ്ധമാണെന്നു അമേരിക്കൻ േസ്റ്ററ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ അറിയിച്ചു. ചർച്ച എപ്പോൾ തുടങ്ങണമെന്ന കാര്യം തീരുമാനിക്കേണ്ടതു കിമ്മാണെന്നും ടില്ലേർസൺ പറഞ്ഞു. ഇതിനിടെ വാക്പോരു നിർത്തി സംഘർഷ ലഘൂകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാൻ അമേരിക്കയോടും ഉത്തരകൊറിയയോടും ചൈന ആവശ്യപ്പെട്ടു. റഷ്യൻ വിദേശമന്ത്രി ലാവ്റോവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനീസ് വിദേശമന്ത്രി വാങ് യി നിലപാടു വ്യക്തമാക്കിയത്.
അടുത്തയിടെ ട്രംപും കിമ്മും തമ്മിലുള്ള വാക് പോർ മൂർച്ഛിച്ചത് യുദ്ധഭീതി ഉണർത്തിയിരുന്നു. പ്രതിസന്ധി തത്കാലത്തേക്ക് എങ്കിലും ഒഴിഞ്ഞതിൽ ഗുവാം നിവാസികൾ സന്തോഷം പ്രകടിപ്പിച്ചു.

