ലണ്ടൻ ക്ലോക്ക് ടവർ നീണ്ട നാല് വർഷത്തേയ്ക്ക് അടച്ചിടും
ലണ്ടൻ : ലണ്ടനിലെ ക്ലോക്ക് ടവർ നീണ്ട നാലു വർഷത്തേക്ക് അടച്ചിടും. അറ്റകുറ്റപ്പണികൾക്കായാണ് പാർലമെന്റ് വളപ്പിൽ സ്ഥിതി ചെയ്യുന്ന ഈ ക്ലോക്ക് ടവർ നാലു വർഷത്തേക്ക് അടച്ചിടുന്നത്.
ലോകം മുഴുവനുമുളള വിനോദ സഞ്ചാരികളെ വിസ്മയത്തിന്റെ മണിയൊച്ച കേൾപ്പിച്ച ക്ലോക്ക് ടവർ അടച്ചിടുന്നത് സന്ദർശകരെ ഏറെ നിരാശരാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും കാതിന് ഇന്പമായി മണിനാദം മുഴക്കുന്ന ക്ലോക്ക് ടവറിന്റെ ശബ്ദം മൈലുകൾക്കപ്പുറത്തേക്ക് മുഴങ്ങിക്കേൾക്കാറുണ്ട്. കാഴ്ചക്കാർക്ക് വിസ്മയമായി നിലകൊള്ളുന്ന ഈ ക്ലോക്ക് ടവറിന് 157 വർഷത്തിലധികം പഴക്കമുണ്ട്.
തെംസ് നദീ തീരത്തുള്ള പാർലമെന്റ് മന്ദിരം ലോകപൈതൃക സങ്കേതങ്ങളിലൊന്നാണ്. അതേസമയം ക്ലോക്കിലെ മണി ശബ്ദം നിലച്ചാലും സമയം കൃത്യമായി കാണിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള കേടുപാടുകൾ തീർത്ത് വർഷങ്ങൾ പഴക്കമുള്ള ക്ലോക്ക് ടവറിനെ കൂടുതൽ മനോഹരമാക്കാനും ഭാവിയിലേക്ക് സംരക്ഷിക്കുന്നതിനും വേണ്ടിയാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്ന് ടവറിന്റെ മേൽനോട്ടച്ചുമതലയുള്ള സ്റ്റീവ് ജാഗ്‌സ് വ്യക്തമാക്കി.

