സൂപ്പർമാർക്കറ്റിൽ മോഷണം : മലയാളിയെ യു.എ.ഇ പോലീസ് തെരയുന്നു
ദുബൈ : സൂപ്പർ മാർക്കറ്റിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മലയാളി യുവാവിനെ യു.എ.ഇ പോലീസ് തെരയുന്നു. കണ്ണൂർ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അന്വേഷിക്കുന്നത്. ഖോർഫഖാനിലെ തന്റെ സൂപ്പർമാർക്കറ്റ് വിൽക്കാനുണ്ടെന്ന് പറഞ്ഞ് മുസ്തഫ എന്നയാൾ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതുകണ്ട് കടയെടുക്കാൻ താൽപ്പര്യമുണ്ടെന്നു പറഞ്ഞാണ് കണ്ണൂർ പാപ്പിനശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ മുസ്തഫയെ ഫോണിലൂടെ ബന്ധപ്പെട്ടത്.
തുടർന്ന് സൂപ്പർമാർക്കറ്റ് കണ്ട അദ്ദേഹം താൻ എടുത്തോളാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ ഒരു നിബന്ധന അദ്ദേഹത്തിനുണ്ടായിരുന്നു പ്രതിമാസം എത്ര ദിർഹമിന്റെ കച്ചവടം നടക്കുമെന്ന് അറിയണം. അതിനായി ഒരുമാസം കടയിൽ നിൽക്കാനുള്ള താൽപ്പര്യം അറിയിച്ചു. എങ്ങനെയെങ്കിലും സൂപ്പർമാർക്കറ്റ് വിൽക്കാനുള്ള ശ്രമത്തിനിടെ മുസ്തഫ സമ്മതം മൂളി. അങ്ങനെ കഴിഞ്ഞമാസം നാലിന് മുഹമ്മദ് ബഷീർ കടയിലെത്തി. തുടർന്നുള്ളദിവസങ്ങളിൽ കടയുടെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ഇയാൾ ആരെയും ആകർഷിക്കുംവിധം വളരെ മാന്യതയോടെയാണ് പെരുമാറിയതെന്ന് മുസ്തഫ പറഞ്ഞു.
മുസ്തഫയും മുഹമ്മദ് ബഷീറും സൂപ്പർമാർക്കറ്റിലെ മറ്റു ജീവനക്കാരെല്ലാം ഒരേസ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അതാതു ദിവസത്തെ വരുമാനം മുസ്തഫ സൂക്ഷിച്ച് വയ്ക്കുന്ന സ്ഥലവും മനസ്സിലാക്കി. കഴിഞ്ഞമാസം ഇരുപത്തിയഞ്ചാം തിയ്യതി കടയിലെത്തിയപ്പോഴാണ് മുസ്തഫ തന്റെ അറുപത്തി അയ്യായിരം ദിർഹം നഷ്ടമായ വിവരമറിഞ്ഞത്. തുടർന്ന് സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മുഹമ്മദ് ബഷീർ കടയിൽ നിന്ന് കാശെടുക്കുന്നത് കണ്ടത്. തുടർന്ന് യു.എ.ഇയിലെ മുഹമ്മദിന്റെ ബന്ധുക്കളെ വിവരമറിയിച്ചു. പണം തിരിച്ചു തരാൻ വഴിയുണ്ടാക്കാമെന്നു പറഞ്ഞെങ്കിലും പിന്നീടവർ നിലപാട് മാറ്റി. സംഭവത്തിൽ ഖോർഫഖാൻ പോലീസ് അന്വേഷണം തുടങ്ങി.

