'സുഷമ സ്വരാജ് ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ' : ട്വീറ്റുമായി പാക്ക് യുവതി


ന്യൂഡൽഹി : ‘സുഷമ സ്വരാജ് ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ...’ പാക്കിസ്ഥാനിൽനിന്നുള്ള ഒരു സാധാരണക്കാരിയുടെ ആഗ്രഹമാണിത്. പാക്ക് സ്വദേശിയായ വ്യക്തിക്ക് ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കുന്നതിന് സുഷമയുടെ സഹായം തേടിയ ഇവർ, വിദേശ കാര്യ മന്ത്രിയിൽനിന്നുണ്ടായ പ്രതികരണം കണ്ടപ്പോഴാണ് ഇങ്ങനെ ആഗ്രഹിച്ചു പോയത്.

‘ഒരുപാടൊരുപാട് നന്ദിയും സ്നേഹവും അറിയിക്കുന്നു. താങ്കൾ ‍ഞങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെയെങ്കിൽ ഈ രാജ്യവും മാറിയേനെ’ – പാക്ക് യുവതി ഹിജാബ് ആസിഫ് ട്വിറ്ററിൽ കുറിച്ചു. പാക്ക് സ്വദേശിയായ ഒരാൾക്ക് ഇന്ത്യയിൽ ചികിൽസയ്ക്ക് എത്താനുള്ള സഹായം നൽകണമെന്ന് ട്വിറ്ററിലൂടെ ഹിജാബ് അഭ്യർഥിച്ചിരുന്നു. തുടർ‌ന്ന് ആവശ്യമായ നടപടികളെടുക്കുവാൻ സുഷമ സ്വരാജ് പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷന് നിർദേശം നൽകി. ഹൈക്കമ്മിഷൻ അടിയന്തരമായി ഇടപെട്ടതിനെ തുടർന്ന് അവർക്ക് വീസ അനുവദിക്കുകയും ചെയ്തു.

പിന്നാലെ ഹിജാബിന്റെ ട്വീറ്റെത്തി, ‘സുഷമ സ്വരാജ് എന്താണ് ഞാൻ അങ്ങയെ വിളിക്കേണ്ടത്? സൂപ്പർ വുമണെന്നോ? ദൈവമെന്നോ? നിങ്ങളുടെ ഈ മഹാമനസ്കത വിശദീകരിക്കാൻ ഞങ്ങൾക്കു വാക്കുകളില്ല. താങ്കളെ ഞങ്ങൾ സ്നേഹിക്കുന്നു. കണ്ണീരിനാൽ നിങ്ങളെ പുകഴ്ത്തുന്നത് നിർത്താൻ പോലും കഴിയുന്നില്ല.’ എന്നായിരുന്നു ട്വീറ്റ്.

സഹായാഭ്യർഥനയുമായി ആരു സമീപിച്ചാലും നിരാശരാക്കില്ലെന്ന നിലാപ്പറ്റുള്ള വ്യക്‌തിയാണ് സുഷമ സ്വരാജ്. സമൂഹമാധ്യമത്തിലൂടെ മന്ത്രിയുടെ സഹായമഭ്യർഥിച്ച് രംഗത്തെത്തുന്നവർ ഒട്ടേറെയാണ്. ഇവരെയൊന്നും നിരാശരാക്കാറില്ല എന്നതുകൊണ്ടുതന്നെ, പാക്കിസ്ഥാനിലും ഇന്ത്യയിലും സുഷമ സ്വരാജിന്റെ ഇടപെടലുകൾ പല തവണ വാർത്തയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed