പാക്ക് സുപ്രീം കോടതി നവാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി


ഇസ്‍ലാമാബാദ് : അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന്, നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ കോടതി ശരിവച്ചു. ഷരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്നും, ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നവാസ് ഷരീഫ് എത്രയും വേഗം പ്രധാനമന്ത്രിസ്ഥാനം ഒഴിയണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

1990കളിൽ പാക്ക് പ്രധാനമന്ത്രിയായിരിക്കെ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണ് പുറത്തുവന്നത്. എന്നാൽ, കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന നിലപാടെടുത്ത പ്രധാനമന്ത്രി, രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയാണ് ഷരീഫിന് വിനയായത്. ഷരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.

കഴിഞ്ഞ മേയിൽ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കൾ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം പത്തിന് റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിൽ, ഷരീഫിന്റെ മകൾ മറിയം വ്യാജരേഖകൾ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അഴിമതിപ്പണം കൊണ്ട് നവാസ് ഷരീഫിന്റെ മക്കൾ ലണ്ടനിൽ സ്വത്തു സമ്പാദിച്ചെന്നും പ്രധാനമന്ത്രി 2016 ഏപ്രിൽ അഞ്ചിനു രാജ്യത്തോടും മേയ് 16ന് ദേശീയ അസംബ്ലിയിലും നടത്തിയ പ്രസംഗങ്ങളിൽ ഇക്കാര്യം മറുച്ചുവച്ചു എന്നുമാണ് ഹർജിക്കാർ ആരോപിച്ചത്.

അഴിമതിപ്പണം കൊണ്ടു പ്രധാനമന്ത്രിയുടെ മക്കൾ ലണ്ടനിൽ നാല് അപാർട്മെന്റുകൾ വാങ്ങിയെന്നതാണ് പാനമ രേഖകളിലെ പ്രധാന വെളിപ്പെടുത്തലുകൾ. കേസ് അന്വേഷിക്കുന്നതിന് ഏപ്രിൽ 20നു സുപ്രീം കോടതി സംയുക്ത അന്വേഷണസംഘത്തെ നിയോഗിച്ചു. പാക്ക് സൈന്യത്തിലെയും ചാരസംഘടനയിലെയും ഉന്നതർ അടങ്ങുന്ന ജെഎടി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിധി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed