ഹസീനയെ വിട്ടുനൽകിയില്ലെങ്കിൽ അന്താരാഷ്ട്ര കോടതിയിലേക്ക്; ഇന്ത്യക്കെതിരെ കടുത്ത നീക്കവുമായി ബംഗ്ലാദേശ്
ഷീബ വിജയൻ
ഇസ്ലാമാബാദ്: ശൈഖ് ഹസീനയെ കൈമാറാൻ ഇന്ത്യ തയ്യാറായില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ഐ.സി.ജെ) സമീപിക്കുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ് വ്യക്തമാക്കി. ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയാൽ ജയിലിലടയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറ് ദിവസത്തെ സന്ദർശനത്തിനായി പാകിസ്താനിലെത്തിയ ഹാഫിസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യ സഹായിച്ചിട്ടില്ലെന്നും പാകിസ്താനെ ദുർബലപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീർ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കണമെന്നും ഹാഫിസ് ആവശ്യപ്പെട്ടു. ശൈഖ് ഹസീന ഭരിച്ചപ്പോൾ ബംഗ്ലാദേശ് അയൽരാജ്യത്തിന്റെ കോളനിയായി മാറിയെന്ന് ആരോപിച്ച അദ്ദേഹം, ഹസീനയുടെ മടങ്ങിവരവ് സംബന്ധിച്ച പ്രഖ്യാപനങ്ങൾ പ്രവർത്തകരെ സജീവമാക്കാനുള്ള നീക്കം മാത്രമാണെന്നും അവർ തിരിച്ചുവരില്ലെന്നും പറഞ്ഞു.
2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് ശൈഖ് ഹസീന ബംഗ്ലാദേശ് വിട്ടത്. ഇന്ത്യയിൽ അഭയം പ്രാപിച്ച ഹസീന ഡിസംബറിൽ മടങ്ങിപ്പോകുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, നിയമപരമായി ഇന്ത്യ കൈമാറാതെ മടങ്ങിവരാനാവില്ലെന്നാണ് ധാക്കയുടെ നിലപാട്. ശൈഖ് ഹസീനയെ ഭീകരവാദിയെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ വ്യാഴാഴ്ച വിശേഷിപ്പിച്ചത്. ഹസീനയുടെ ഇന്ത്യയിലെ താമസവും കൈമാറ്റവുമായി ബന്ധപ്പെട്ട തർക്കവും ഇന്ത്യ–ബംഗ്ലാദേശ് ബന്ധത്തിൽ പ്രധാന വിഷയമായി തുടരുകയാണ്.
c cv cvcvx


