ഷെയ്ഖ് ഹസീനയുടെ മുൻ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ ധാക്കയിൽ അറസ്റ്റിൽ
ഷീബ വിജയൻ
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മുൻ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കെ.എം. ശഖാവത്ത് മൂൺ ഉൾപ്പെടെ മൂന്ന് പേരെ ഇന്ന് പുലർച്ചെ ധാക്കയിലെ ധൻമൊണ്ടി-27 മേഖലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുൻ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ഇലിയാസ് ഹൊസൈൻ, ആദായനികുതി അഭിഭാഷകൻ സൂഫി മുഹമ്മദ് അൽ മാമുൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) വിദ്യാർത്ഥി വിഭാഗമായ ജാതീയതാബാദി ഛത്രദൾ (ജെസിഡി) പ്രവർത്തകർ ഇവരെ തടഞ്ഞുവെച്ച ശേഷമാണ് പോലീസിന് കൈമാറിയത്. മൂവരെയും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഹമ്മദ്പൂർ പോലീസ് അറിയിച്ചു.
അടുത്ത മാസം ഷെയ്ഖ് ഹസീന രാജ്യത്തേക്ക് മടങ്ങിവരാൻ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹസീനയുടെ ജന്മനാടായ ഗോപാൽഗഞ്ചിലെ 56 പ്ലാറ്റൂണുകൾ ഉൾപ്പെടെ വിവിധ ജില്ലകളിലായി 108 പ്ലാറ്റൂൺ അതിർത്തി അർദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചു. 2024 ഓഗസ്റ്റിലെ വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരഭ്രഷ്ടയായ ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.
ഹസീനയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് അടുത്ത ആഴ്ചകളിൽ രാജ്യത്ത് ട്രെയിനുകൾക്കും ബസുകൾക്കും ബാങ്കുകൾക്കും നേരെ തീവെപ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അക്രമങ്ങൾക്ക് പിന്നിൽ അവാമി ലീഗ് പ്രവർത്തകരാണെന്നാണ് പോലീസ് ആരോപിക്കുന്നത്. വരും ദിവസങ്ങളിൽ അക്രമവും അട്ടിമറിയും വർദ്ധിച്ചേക്കുമെന്ന ആശങ്കയിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
പ്രവർത്തന നിരോധനമുള്ള അവാമി ലീഗ് നവംബർ 29, 30 തീയതികളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഓൺലൈൻ വഴി പ്രചാരണം നടത്തുന്നത് സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതിനിടെ, ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അവാമി ലീഗിനെ ഒരിക്കലും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് ബുധനാഴ്ച വ്യക്തമാക്കി. 2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ നടന്ന കൂട്ടക്കൊലകൾക്ക് ഉത്തരവാദികളായ "ഫാസിസ്റ്റ്, മാഫിയ ശക്തിയാണ്" അവാമി ലീഗ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
dsdsdss


