ഇസ്രായേലിൽ നെതന്യാഹുവിനെ പുറത്താക്കാൻ പ്രതിപക്ഷ നീക്കം ശക്തം; ഇടതുപക്ഷ പാർട്ടിയുമായി സഖ്യത്തിലേർപ്പെട്ട് ഗാഡി ഐസൻകോട്ട്
ഷീബ വിജയൻ
ടെൽ അവീവ്: ഒക്ടോബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. അദ്ദേഹത്തിന്റെ മധ്യപക്ഷ പാർട്ടിയായ 'യാഷർ', യായർ ഗോലൻ നയിക്കുന്ന ഇടതുപക്ഷ പാർട്ടിയായ 'ഡെമോക്രാറ്റ്സുമായി' വ്യാഴാഴ്ച സഖ്യകരാറിലെത്തി.
ചൊവ്വാഴ്ച അവിഗ്ദോർ ലിബർമാന്റെ വലതുപക്ഷ പാർട്ടിയായ 'ഇസ്രായേൽ ബെയ്‌തെയ്‌നു' ഐസൻകോട്ടുമായി സഖ്യത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡെമോക്രാറ്റ്സും പിന്തുണ പ്രഖ്യാപിച്ചത്. കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കി പുതിയ സർക്കാർ രൂപീകരിക്കാൻ ഡിസംബർ 6 വരെയാണ് ഐസൻകോട്ടിന് സമയമുള്ളത്. ആവശ്യമെങ്കിൽ ഇത് 14 ദിവസം കൂടി നീട്ടാവുന്നതാണ്.
സഖ്യകരാർ പ്രകാരം ദേശീയ സുരക്ഷ, തൊഴിൽ, വാർത്താവിനിമയം, സാംസ്കാരികം-കായികം എന്നീ നാല് പ്രധാന മന്ത്രിസ്ഥാനങ്ങൾ ഡെമോക്രാറ്റ്സിന് ലഭിക്കും. നിലവിൽ തീവ്ര വലതുപക്ഷ നേതാവ് ഇറ്റാമർ ബെൻ-ഗ്വിർ കൈകാര്യം ചെയ്യുന്ന വിപുലീകരിച്ച ദേശീയ സുരക്ഷാ മന്ത്രാലയവും ഇതിൽ ഉൾപ്പെടുന്നു. നെതന്യാഹുവിനെ മാറ്റി ജനാധിപത്യം സംരക്ഷിക്കുമെന്ന വാഗ്ദാനം പാലിക്കുമെന്ന് യായർ ഗോലൻ എക്സിലൂടെ പ്രതികരിച്ചു.
എന്നാൽ, പുതിയ സഖ്യത്തിന് മുന്നിൽ കടമ്പകൾ ഏറെയാണ്. 120 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകൾ വേണമെന്നിരിക്കെ, ഐസൻകോട്ട്, ലിബർമാൻ, ഗോലൻ എന്നിവരുടെ പാർട്ടികൾക്ക് കൂടി ആകെ 36 എം.പിമാർ മാത്രമാണുള്ളത്. 12 സീറ്റുകളുള്ള മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ 'ബെയാചദ്' പാർട്ടി ഇതുവരെ ഔദ്യോഗിക കരാറിൽ ഒപ്പിട്ടിട്ടില്ല.
മറ്റ് കക്ഷികളുടെ പിന്തുണ തേടുന്ന കാര്യത്തിൽ നെതന്യാഹു വിരുദ്ധ ചേരിയിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ അറബ് പാർട്ടികളുമായി സഖ്യമുണ്ടാക്കണമെന്ന് ഡെമോക്രാറ്റ്സ് ആവശ്യപ്പെടുമ്പോൾ, അറബ് കക്ഷികളുടെ പിന്തുണയുള്ള സർക്കാരിൽ പങ്കാളിയാകില്ലെന്ന ഉറച്ച നിലപാടിലാണ് ലിബർമാൻ. പകരം തീവ്ര യാഥാസ്ഥിതിക പാർട്ടികളെ ഒപ്പം കൂട്ടണമെന്നാണ് ലിബർമാന്റെ പക്ഷം.
അതേസമയം, നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ചേർന്ന് 'ദേശീയ ഐക്യ സർക്കാർ' രൂപീകരിക്കുന്നതിനെക്കുറിച്ചും ഐസൻകോട്ട് നാല് വട്ടം ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇതിൽ പുരോഗതിയുണ്ടായിട്ടില്ല. ചർച്ചകൾ അവസാന നിമിഷം വരെ വലിച്ചുനീട്ടി സർക്കാർ രൂപീകരണം അട്ടിമറിക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്ന് ലിബർമാൻ ആരോപിച്ചു. എന്നാൽ, അറബ്-യാഥാസ്ഥിതിക കക്ഷികളെ ഒഴിവാക്കി ഐസൻകോട്ടും ലിക്കുഡും ചേർന്നുള്ള ഐക്യ സർക്കാരാണ് ഏറ്റവും മികച്ച പോംവഴിയെന്ന് നഫ്താലി ബെന്നറ്റ് അഭിപ്രായപ്പെട്ടു.
dfsfdfsfsdf


