ജയിൽ മോചിതനായി മണിക്കൂറുകൾക്കകം അനന്തരവന്റെ കാർ തീയിട്ടു: 34-കാരന് ബഹ്‌റൈനിൽ മൂന്ന് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: ജയിൽ മോചിതനായി മണിക്കൂറുകൾക്കകം അനന്തരവന്റെ കാറിന് തീയിട്ട 34-കാരനായ ബഹ്‌റൈൻ പൗരന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് ഹൈ ക്രിമിനൽ കോടതി. വാഹനത്തിന് വരുത്തിയ കേടുപാടുകൾക്ക് നഷ്ടപരിഹാരമായി 530 ബഹ്‌റൈനി ദീനാർ നൽകാനും കോടതി ഉത്തരവിട്ടു. ഹിദ്ദിൽ സ്ഥിതി ചെയ്യുന്ന പ്രതിയുടെ സഹോദരന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറാണ് ഇയാൾ കത്തിച്ചത്.

പോലീസുകാരോട് അനാദരവ് കാണിച്ചതിന് ലഭിച്ച ഒരു മാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച് ജൂലൈയിലാണ് ഇയാൾ പുറത്തിറങ്ങിയത്. തുടർന്ന്, തന്റെ ഭാര്യയും മകളും താമസിച്ചിരുന്ന സഹോദരന്റെ വീട്ടിലേക്ക് ഇയാൾ നേരിട്ടെത്തി. എന്നാൽ ഭാര്യയുടെ ആവശ്യപ്രകാരം ഇയാളെ ഉള്ളിൽ പ്രവേശിക്കാൻ കുടുംബാംഗങ്ങൾ അനുവദിച്ചില്ല. ഇതിൽ പ്രകോപിതനായ പ്രതി, ഭാര്യയ്ക്കും സഹോദരനുമെതിരെ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലേക്ക് പോയി. തുടർന്ന് വീണ്ടും ഈ വീട്ടിലെത്തിയെങ്കിലും രണ്ടാം തവണയും പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതോടെ കോപാകുലനായ ഇയാൾ, ഒരു കടലാസ് കഷണത്തിന് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി 2003 മോഡൽ ടൊയോട്ട കൊറോള കാറിന്റെ ഡ്രൈവർ സൈഡ് ജനലിലൂടെ ഉള്ളിലേക്ക് എറിയുകയായിരുന്നു. കാറിനുള്ളിൽ തീ പടർന്നതിന് ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.

വിമാനത്താവളത്തിന് സമീപമുള്ള നിയന്ത്രിത മേഖലയിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ സി.പി.ആർ (CPR) കാർഡ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വിസമ്മതിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് ഇയാൾ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നത്.

അറസ്റ്റിലായതിന് ശേഷം, ഹിദ്ദ് പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മുറിയിൽ വെച്ച് ലോഹക്കഷ്ണം ഉപയോഗിച്ച് കൈത്തണ്ട മുറിച്ച് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ കമ്മീഷൻ പ്രതിയെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കി. മൂന്ന് കൺസൾട്ടന്റ് സൈക്യാട്രിസ്റ്റുകൾ അടങ്ങുന്ന സംഘം പരിശോധനയ്ക്ക് ശേഷം ഇയാൾ വിചാരണ നേരിടാൻ പ്രാപ്തനാണെന്ന് റിപ്പോർട്ട് നൽകി. ഇയാൾ ലഹരിമരുന്നുകൾ ഉപയോഗിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു; മൂത്രപരിശോധനയിൽ മെത്താംഫെറ്റാമൈൻ (ഷാബു) സാന്നിധ്യം കണ്ടെത്തിയിരുന്നു. അതേസമയം താൻ വിഷാദരോഗത്തിനും മാനസിക അസ്വസ്ഥതകൾക്കും ചികിത്സയിലുള്ള വ്യക്തിയാണെന്ന് പ്രതി കോടതിയിൽ മൊഴി നൽകി. തനിക്ക് പ്രെഗാബാലിൻ (Lyrica), അൽപ്രാസൊളാം (Xanax) എന്നീ മരുന്നുകൾ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇയാൾ കോടതിയിൽ വാദിച്ചു.

#4pmnews #BahrainNews #BahrainCourt #CrimeNews

article-image

SDSDSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed