ഒരു മാസത്തേക്ക് ഇറാനിൽ ആക്രമണം നടത്തില്ല: സൂചന നൽകി ഡോണൾഡ് ട്രംപ്
ശാരിക
ദുബൈ: ഒരു മാസത്തേക്ക് ഇറാനിൽ ആക്രമണം നടത്തില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇറാനിൽ ആക്രമണം നടത്തുന്നത് സംബന്ധിച്ച് തീരുമാനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നതായും അമേരിക്കൻ പ്രസിഡന്‍റ് പറയുന്നു. ഏഴ് മാസത്തിലധികം നീണ്ട അമേരിക്ക - ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതേസമയം, അമേരിക്കയുമായി നേരിട്ട് ചർച്ച നടക്കുന്ന കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ മുന്നോട്ടുവെച്ച ഏഴിന സമാധാന പദ്ധതി സംബന്ധിച്ച അമേരിക്കയുടെ പ്രതികരണത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ലെന്നും ഇറാൻ അണവോർജ മേധാവിയും വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുമാണ് ഇറാൻ മധ്യസ്ഥരായ ഖത്തറും പാകിസ്താനും മുഖേന ഏഴിന നിർദേശം കൈമാറിയത്. ലെബനൻ എല്ലാ മേഖലകളിലും വെടിനിർത്തൽ, അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കൽ, ഇറാന്‍റെ എണ്ണ കയറ്റുമതി ഉപരോധം നീക്കൽ, 12 ബില്യൺ ഡോളറിന്‍റെ മരവിപ്പിച്ച പണം വിട്ടുനൽകൽ, ആണവ ചർച്ച പുനരാരംഭിക്കൽ, ദീർഘകാല സമാധാന കരാർ, ഹോർമുസ് തുറക്കൽ എന്നിവയാണ് ഇറാന്‍റെ നിർദേശങ്ങളിലുള്ളത്.
ഈ ഏഴിന നിർദേശങ്ങളിൽ ഹോർമുസും ആണവ ചർച്ചയും അടക്കം വിഷയങ്ങളിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. അതിനിടെ, ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണവും സ്ഫോടനവും നടന്നതായും റിപ്പോർട്ടുണ്ട്. കടലിടുക്കിൽ സ്ഫോടനങ്ങളുണ്ടായതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ നിർദേശിച്ച നിർദിഷ്ട റൂട്ടിലൂടെയല്ലാതെ യാത്ര ചെയ്ത കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഹോർമുസ് പ്രതിസന്ധിയും യെമൻ സംഘർഷവും കുതിച്ചുയരുന്ന ആഗോള തലത്തിൽ എണ്ണ വിലയും ഉയരുകയാണ്. നാല് ശതമാനമാണ് വില വർധിച്ചത്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 104 ഡോളറിന് മുകളിലെത്തി.
dsgdg

