തായ്‌ലാന്റ് സ്വദേശിനിയെ വിവാഹം കഴിച്ച് 60 ലക്ഷം തട്ടി; കാണ്പൂർ സ്വദേശി അറസ്റ്റിൽ
ഷീബ വിജയൻ
ലക്നോ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തായ്‌ലൻഡ് സ്വദേശിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂർ ലാറ്റൂഷ് റോഡ് സ്വദേശി ഇർഫാനാണ് (30) അൻവർഗഞ്ച് പൊലിസിന്‍റെ പിടിയിലായത്. തായ്‌ലൻഡ് സ്വദേശി ഉപ്സോണിന്‍റെ പരാതിയിലാണ് നടപടി. ഏകദേശം 20 ലക്ഷം തായ് ഭാത് (ഇന്ത്യൻ രൂപ 60 ലക്ഷത്തോളം) ഇയാൾ തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.
തായ്‌ലൻഡിൽ റസ്റ്റോറന്റു നടത്തിവരികയാണ് ഉപ്സോൺ. കാൺപൂരിലെ തുകൽ വ്യാപാരിയായ ഇർഫാനുമായി നാല് വർഷം മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. സൗഹൃദമായി തുടങ്ങിയ ബന്ധം പിന്നീട് പ്രണയമായി മാറി. താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ യുവതിയോട് പ്രണയാഭ്യർഥന നടത്തിയത്. രണ്ട് വർഷം മുമ്പ് ഉപ്സോണിനെ കാണാൻ തായ്‌ലൻഡിലെത്തിയ ഇർഫാൻ അവിടെവച്ച് യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ബിസിനസ് ആവശ്യങ്ങൾക്കായി വിവിധ ഘട്ടങ്ങളിലായി ഇയാൾ യുവതിയിൽ നിന്ന് പണം വാങ്ങാൻ തുടങ്ങി. റസ്റ്റോറന്റിൽ നിന്നുള്ള വരുമാനവും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് ഉപ്സോൺ ഈ തുകയെല്ലാം ഇർഫാന് നൽകിയത്. വിവാഹം കഴിഞ്ഞ് ഏഴെട്ട് മാസത്തിനിടെ ഏകദേശം 20 ലക്ഷം ഭാത് ഇയാൾ കൈപ്പറ്റിയെന്ന് പൊലിസ് വ്യക്തമാക്കി. പണം കൈക്കലാക്കിയ ഉടൻ ഇർഫാൻ ഉപ്സോണുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു. മാസങ്ങളോളം ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ യുവതി ഇന്ത്യയിലേക്ക് വരാൻ തീരുമാനിച്ചു. തുടർന്ന് 2026 ഒക്ടോബർ ആറിന് യുവതി കാൺപൂരിലെ ഇർഫാന്‍റെ വീട്ടിലെത്തി. ഇവിടെയെത്തിയപ്പോഴാണ് ഇർഫാൻ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഉപ്സോൺ തിരിച്ചറിയുന്നത്.
ഇയാൾ 12 വർഷം മുമ്പ് മറ്റൊരാളെ വിവാഹം കഴിച്ചതാണെന്നും മൂന്ന് കുട്ടികളുടെ പിതാവാണെന്നും യുവതി കണ്ടെത്തി. വിവരം അറിഞ്ഞ യുവതി തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ പണം ചോദിച്ചതിന് ഇർഫാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചതായി യുവതി പറയുന്നു. ഇന്ത്യയിലേക്ക് സ്ഥിരമായി താമസം മാറണമെന്നും മതം മാറണമെന്നും ആവശ്യപ്പെട്ടുകയും എങ്കിൽ മാത്രമേ പണം തിരികെ നൽകുന്നതിനെക്കുറിച്ചോ ഭാര്യയായി സ്വീകരിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലിസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് ഇർഫാനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
fsdfsdfsdfsdfs

