കോംഗോയിൽ എബോള പടരുന്നു: അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ മാർപാപ്പ
ഷീബ വിജയൻ
വത്തിക്കാൻ സിറ്റി: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ അതിവേഗം പടർന്നുപിടിക്കുന്ന എബോള മഹാമാരിയെ ചെറുക്കാൻ അടിയന്തര അന്താരാഷ്ട്ര സഹായവും ഏകോപിത ഇടപെടലും അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇന്നലെ വത്തിക്കാനിൽ ത്രികാല പ്രാർത്ഥനയ്ക്കുശേഷം തീർത്ഥാടകരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
എബോള മഹാമാരിയിൽ നിരവധി ജീവനുകളാണ് ഇതിനകം പൊലിഞ്ഞുപോയതെന്നും പ്രാദേശിക സമൂഹങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. മനുഷ്യജീവനുകൾ രക്ഷിക്കാൻ ആഗോളതലത്തിലുള്ള കൂട്ടായ ശ്രമം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ ലോകാരോഗ്യ സംഘടന എബോള വ്യാപനം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു.
കോംഗോയിൽ ഇതുവരെ 5,300ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതിൽ 2,500ൽ അധികം പേർ മരിച്ചു. ‘ബുണ്ടിബുഗ്യോ’ഇനത്തിൽപ്പെട്ട എബോള വൈറസാണ് നിലവിൽ ഭീതി വിതയ്ക്കുന്നത്. ഈ പ്രത്യേക തരം വൈറസിനെതിരേ കൃത്യമായ ചികിത്സയോ പൂർണമായി അംഗീകരിക്കപ്പെട്ട വാക്സിനോ ലഭ്യമായിട്ടില്ല എന്നത് പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നു.
എബോള പടർന്നുപിടിക്കുന്ന പ്രധാന നഗരങ്ങൾ വിമത സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലായതും സർക്കാരും സായുധ ഗ്രൂപ്പുകളും തമ്മിലുള്ള ഏറ്റുമുട്ടലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വൻ തടസമാകുന്നുണ്ട്. അതേസമയം, മറ്റ് എബോള വകഭേദങ്ങൾക്കെതിരേ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുള്ള ‘എർവെബോ’വാക്സിന്റെ 16,000ത്തിലധികം ഡോസുകൾ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്ന് കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
dfdfrf

