107 ദിവസത്തെ സംഘർഷത്തിന് വിരാമം; ഇറാൻ-അമേരിക്ക സമാധാന ധാരണ വെള്ളിയാഴ്ച ഒപ്പുവെക്കും
ഷീബ വിജയൻ
വാഷിങ്ടൺ: പശ്ചിമേഷ്യയെ മാസങ്ങളായി ആശങ്കയിലാഴ്ത്തിയ 107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ഒടുവിൽ ഇറാനും അമേരിക്കയും ചരിത്രപരമായ സമാധാന ധാരണയിലെത്തി. ഖത്തറിന്റെ ശക്തമായ മധ്യസ്ഥ ശ്രമങ്ങൾക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറിലെത്തിയത്. വരുന്ന വെള്ളിയാഴ്ച ധാരണാപത്രം ഔദ്യോഗികമായി ഒപ്പുവെക്കും. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് തുറക്കാനും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കാനുമുള്ള നടപടികൾ ഇരുപക്ഷവും ഉടൻ ആരംഭിക്കും. പുതിയ പ്രഖ്യാപനം ആഗോള എണ്ണ, സ്വർണ വിപണികളിലും ഓഹരി വിപണിയിലും വലിയ ചലനങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞു. എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോൾ സ്വർണവില ഉയരുകയും ഓഹരി വിപണികൾ കുതിക്കുകയും ചെയ്തു.
അതേസമയം, ഈ കരാറിനെതിരെ ഇറാനിലും ഇസ്രയേലിലും ആഭ്യന്തരമായി ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. ഇറാന്റെ ദേശീയ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുവെന്ന് ആരോപിച്ച് അവിടെയുള്ള തീവ്രനിലപാടുകാർ രംഗത്തെത്തിയപ്പോൾ, ഇസ്രയേലിനെ പൂർണ്ണമായി അപ്രസക്തമാക്കിയുള്ള ധാരണ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി. പിടിച്ചെടുത്ത മേഖലകളിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഇറാന് 30,000 കോടി ഡോളറിന്റെ പുനർനിർമാണ ഫണ്ടും മരവിപ്പിച്ച 2500 കോടി ഡോളറും തിരികെ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ കരാറിനെ സ്വാഗതം ചെയ്തപ്പോൾ യുകെ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളും ഇറാന് മേലുള്ള ഉപരോധങ്ങൾ നീക്കിയേക്കും.
assasasa

