ഇറാൻ നടത്തിയത് സാമ്പത്തിക ഭീകരതയെന്ന് ബഹ്‌റൈൻ ധനമന്ത്രി; അന്താരാഷ്ട്ര സഹായം അഭ്യർത്ഥിച്ചു


പ്രദീപ് പുറവങ്കര l ബഹ്റൈൻ

വാഷിംഗ്ടൺ: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടണിൽ നടന്ന ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും (IMF) വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെയും 2026 സ്പ്രിംഗ് മീറ്റിംഗിൽ അറബ് ഗ്രൂപ്പിനും മാലദ്വീപിനും വേണ്ടി ബഹ്‌റൈൻ ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ പ്രസ്താവന നടത്തി. കഴിഞ്ഞ 40 പകലും ഇരവും ജി.സി.സി രാജ്യങ്ങളും ജോർദാനും ഇറാന്റെ ക്രൂരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് ഇരയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

5,000-ത്തിലധികം മിസൈലുകളും ഡ്രോണുകളുമാണ് ഈ കാലയളവിൽ ഇറാൻ പ്രയോഗിച്ചത്. ആദ്യ 24 മണിക്കൂറിൽ മാത്രം 1,000-ത്തിലധികം ആക്രമണങ്ങൾ ഉണ്ടായി. ജനവാസ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ്ജ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണങ്ങൾ വലിയ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. പ്രതിസന്ധി ഘട്ടത്തിൽ അചഞ്ചലമായ കരുത്ത് പ്രകടിപ്പിച്ച സായുധ സേനയെയും സുരക്ഷാ വിഭാഗങ്ങളെയും പൗരന്മാരെയും അദ്ദേഹം പ്രശംസിച്ചു. പ്രതിരോധ രംഗത്ത് ഒപ്പം നിന്ന പ്രാദേശിക പങ്കാളികൾക്കും അമേരിക്ക ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഖ്യകക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഹോർമുസ് കടലിടുക്കിലെ നാവിഗേഷൻ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമം 'സാമ്പത്തിക ഭീകരത' (Economic Terrorism) ആണെന്ന് മന്ത്രി വിശേഷിപ്പിച്ചു. ലോകത്തിലെ 20 ശതമാനത്തിലധികം എണ്ണ, പ്രകൃതിവാതക വിതരണവും, 27 ശതമാനം അലുമിനിയം കയറ്റുമതിയും, 30 ശതമാനത്തിലധികം വളം കയറ്റുമതിയും നടക്കുന്നത് ഈ വഴിയിലൂടെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആഗോള വിതരണ ശൃംഖല നേരിടുന്ന ഏറ്റവും വലിയ തടസ്സമാണിതെന്നും ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലബനനിൽ ശാശ്വതമായ വെടിനിർത്തൽ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും ഗാസയിലെ മാനുഷിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed