ഇറാനിൽ അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു; ഒരാളെ രക്ഷപ്പെടുത്തിയതായി അമേരിക്ക
പ്രദീപ് പുറവങ്കര I അന്തർദേശീയം
ടെഹ്‌റാൻ/വാഷിംഗ്ടൺ: ഇറാന്റെ ആകാശപരിധിയിൽ വെച്ച് അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടു. തകർന്നു വീണ വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ രക്ഷപ്പെടുത്തിയതായി ഇസ്രായേൽ, അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് വിമാനം തകർക്കപ്പെട്ടത്.
രണ്ട് സീറ്റുകളുള്ള എഫ്-15ഇ (F-15E) യുദ്ധവിമാനമാണ് തകർന്നതെന്നും കാണാതായ രണ്ടാമത്തെ പൈലറ്റിനായി തിരച്ചിൽ തുടരുകയാണെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ വെടിവെച്ചിട്ടത് ഒറ്റസീറ്റുള്ള എഫ്-35 (F-35) വിമാനമാണെന്നാണ് ഇറാൻ്റെ അവകാശവാദം. തെക്കുപടിഞ്ഞാറൻ ഇറാനിലെ വിമാനം വീണ പ്രദേശം തങ്ങളുടെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വളഞ്ഞിരിക്കുകയാണെന്നും, പൈലറ്റിനെ പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് വലിയ പ്രതിഫലം നൽകുമെന്നും ഇറാനിലെ പ്രാദേശിക ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരച്ചിലിനായി അമേരിക്കൻ ഹെലികോപ്റ്ററുകൾ താഴ്ന്നു പറക്കുന്നതായും അവയ്ക്ക് നേരെ പ്രദേശവാസികൾ വെടിവെക്കുന്നതായും ഇറാനിയൻ വാർത്താ ഏജൻസികൾ ദൃശ്യങ്ങൾ സഹിതം റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആകാശപരിധി പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന ട്രംപിൻ്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും അവകാശവാദങ്ങൾ ചോദ്യം ചെയ്യുന്നതാണ് ഈ സംഭവം.
aa
