കൊൽക്കത്തയിൽ വൻ തീപിടിത്തം: ഹോട്ടലിൽ കുടുങ്ങി ഒമ്പത് ബംഗ്ലാദേശ് സ്വദേശികൾക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മരിച്ചവരെല്ലാം ചികിത്സയ്ക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലാദേശ് സ്വദേശികളാണെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
ന്യൂ മാർക്കറ്റിന് സമീപമുള്ള ഫ്രീ സ്കൂൾ സ്ട്രീറ്റിലെ ഒരു ഹോട്ടലിലാണ് പുലർച്ചെ രണ്ടിന് തീ പടർന്നത്. ഉറങ്ങിക്കിടന്നിരുന്ന അതിഥികൾ കനത്ത പുകയിൽ ശ്വാസംമുട്ടി കെട്ടിടത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. എസി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അപകടവിവരമറിഞ്ഞ് നാല് ഫയർ യൂണിറ്റുകളും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. കെട്ടിടത്തിൽ ആകെ പുക പടർന്ന കാരണം ഗോവണിയിലൂടെ മുകളിലത്തെ നിലകളിലേക്ക് പ്രവേശിക്കുന്നത് തടസ്സമായി. തുടർന്ന് ഗോവണികൾ ഉപയോഗിച്ച് ജനലുകളിലൂടെ അകത്തു കടന്നാണ് ഫയർഫോഴ്സ് സംഘം ആളുകളെ പുറത്തെത്തിച്ചത്. തീ പൂർണമായും അണച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ddsasdasads

