അന്ന് 'സ്പൈഡർ' സിനിമ, ഇന്ന് യഥാർത്ഥ കൊലപാതകം: ശേഷം തട്ടുകടയിൽ ചില്ലിംഗ്! : കരുവാറ്റയിലെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ


ഷീബ വിജയൻ

ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ തലയിൽ വലിയ കല്ലിട്ടു കൊലപ്പെടുത്താനായിരുന്നു പ്രതികളായ കൗമാരസംഘം പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. 2017-ൽ പുറത്തിറങ്ങിയ 'സ്പൈഡർ' എന്ന തമിഴ് സിനിമയാണ് ഇതിന് പ്രതികൾക്ക് പ്രചോദനമായത്. മുകളിൽനിന്ന് കല്ലിട്ട് ആളുകളെ കൊല്ലുന്ന കുട്ടിയുടെ കഥയാണ് ഈ സിനിമയുടെ ഇതിവൃത്തം. പ്രതികളിൽ ഒരാളാണ് ഈ ആശയം മുന്നോട്ടു വെച്ചത്. നേരിട്ടു കൊല്ലുമ്പോഴുള്ള പ്രശ്നങ്ങൾ ഇതുവഴി ഒഴിവാക്കാനാകുമെന്നും പ്രതികൾ കണക്കുകൂട്ടി.

വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ 13 കാരി പെൺകുട്ടി ഉറപ്പാക്കി പ്രതികളെ അറിയിച്ചിരുന്നു. എന്നാൽ ഓടിട്ട വീടിന്റെ മച്ചാണ് പ്രതികളുടെ പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായത്. ശനിയാഴ്ച രാത്രി ഒൻപതരയോടെയെത്തിയ പ്രതികൾ ശിവൻകുട്ടി താമസിക്കുന്ന വാടകവീടിന്റെ പുരപ്പുറത്തു കയറി പലഭാഗങ്ങളിൽ ഓടിളക്കി നോക്കിയെങ്കിലും മച്ചുള്ളതിനാൽ കല്ലിട്ടു കൊല്ലാൻ കഴിയില്ലെന്ന് മനസ്സിലാക്കി. മച്ചില്ലാത്ത ഭാഗത്തുകൂടി ഉള്ളിലിറങ്ങാൻ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

തുടർന്നാണ് ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ അകത്തു കടന്ന്, തലയ്ക്ക് അടിച്ചുവീഴ്ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയ്ക്കും പുലർച്ചെ മൂന്നു മണിക്കും ഇടയിലായിരുന്നു കൊലപാതകം. കൊലപാതകം എങ്ങനെ നടപ്പാക്കണമെന്ന് പെൺകുട്ടിയും കൂട്ടാളികളായ സംഘവും സാമൂഹികമാധ്യമങ്ങളിലൂടെ അടക്കം നിരന്തരം ചർച്ചചെയ്തിരുന്നു.

ഇതിനിടെ ശിവൻകുട്ടിയുടെ മകളെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ഭാര്യയും ആശുപത്രിയിലേക്ക് പോവുകയും ചെയ്തതോടെ ശിവൻകുട്ടി തനിച്ചായിരുന്നു താമസം. കൂട്ടുകാരിയുടെ വീട്ടിലേക്ക് മാറി താമസിച്ച പെൺകുട്ടി, ഈ അവസരം വിനിയോഗിക്കാൻ കൗമാര സംഘത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ കൊല്ലത്തുനിന്നുള്ള ട്രെയിനിലാണ് പ്രതികൾ ഹരിപ്പാട്ടെത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപമെത്തി അവിടെ നിന്ന് നടന്ന് ശിവൻകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. കൊലപാതകം നടത്തിയശേഷം ഇതേ വഴിയിലൂടെ തന്നെ പുലർച്ചെ ഇവർ ഹരിപ്പാട് നഗരത്തിലെത്തി.

കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്തുള്ള തട്ടുകടയിൽ നിന്ന് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. ആസൂത്രണം ചെയ്തപോലെ കൃത്യം നടത്തിയതിന്റെ ആവേശത്തിലായിരുന്നു അവർ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കടയിലുണ്ടായിരുന്നവരുടെ മൊഴിയിൽ നിന്നുമാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ഭക്ഷണം കഴിച്ചശേഷം ബസിലാണ് ഇവർ കൊല്ലത്തേക്ക് മടങ്ങിയത്. തിങ്കളാഴ്ച രാവിലെ വരെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു സംഘം. എന്നാൽ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തതോടെ ഇവർ ആശങ്കയിലായി.

തിങ്കളാഴ്ച രാത്രിയാണ് ഹരിപ്പാട് പൊലീസ് സംഘം പരവൂരിലെ പ്രതികളുടെ വീടുകളിലെത്തുന്നത്. നിർധന കുടുംബാംഗങ്ങളാണ് പിടിയിലായ മൂന്നുപേരും. ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള ബന്ധമാണ് മറ്റു രണ്ടുപേരെയും കൃത്യത്തിൽ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുൻപ് പരവൂരിൽ താമസിക്കുന്ന കാലത്ത് സ്‌കൂളിൽവെച്ചാണ് ഇയാളുമായി പെൺകുട്ടി പരിചയത്തിലാകുന്നത്. പരവൂർ സ്വദേശികളായ ശിവൻകുട്ടി ചെട്ടിയാരും ഭാര്യയും രണ്ടു വർഷം മുമ്പാണ് കരുവാറ്റയിൽ താമസമാക്കുന്നത്.

article-image

ddsdsdsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed