ഓണസമ്മാനം എത്തി: ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ ആരംഭിക്കുന്നു
ഷീബ വിജയൻ
തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുന്നു. 59,00,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹിക സുരക്ഷ പെൻഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപ അനുവദിച്ചു. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യുന്നതാണ്.
വിവിധ ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 8,46,456 പേർക്കുള്ള വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതൽ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ നൽകുന്നതാണ്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കായി 630.5 കോടിരൂപയും അങ്കണവാടി പെൻഷൻകാരുടെ കുടിശിക തീർക്കാൻ നേരത്തെ അനുവദിച്ച 10 കോടിക്ക് പുറമെ 24 കോടിയും അനുവദിച്ചു. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും 20,000 രൂപ ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്. ബോണസിന് അർഹതയില്ലാത്തവർക്ക് 3000 രൂപ ഉത്സവബത്ത നൽകും.
പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസ് അനുവദിക്കും. സർവീസ് പെൻഷൻകാർക്ക് 1250 രൂപ ബോണസും ആശാ, അങ്കണവാടി പ്രവർത്തകർക്ക് 1450 രൂപ ഉത്സവ ബത്തയും നൽകും. പിന്നാക്ക വിഭാഗ സ്‌കോളർഷിപ്പിൽ മുൻസർക്കാർ വരുത്തിയ കുടിശിക തീർക്കാൻ 310 കോടി അനുവദിച്ചു. കാസ്പ്, ആരോഗ്യ കിരണം പദ്ധതികളിലെ അടിയന്തിര ബാധ്യതകൾ തീർക്കാൻ 200 കോടി രൂപയും അനുവദിച്ചു.
സപ്ലൈകോയ്ക്ക് ഓണവിപണി സജീവമാക്കാൻ 53 കോടി രൂപ മുൻകൂറായി അനുവദിച്ചു. കൺസ്യൂമർ ഫെഡിന് 25 കോടിയും അനുവദിച്ചിട്ടുണ്ട്. സപ്ലൈകോ വഴി 2026 ജൂലൈ 31 വരെയുള്ള നെല്ല് സംഭരണ പി.ആർ.എസ് കുടിശിക തീർപ്പാക്കാൻ 150 കോടി അനുവദിച്ചു. ഇത് ഓണത്തിന് മുമ്പ് കൊടുത്തുതീർക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കി.
adsadsadsads

