'പാറ്റകളല്ലാത്തവർ ഉറക്കെ പറയൂ...'; സദസ്സ് മിണ്ടാതായതോടെ വേദിയിൽ കുടുങ്ങി കേരള വിസി
ഷീബ വിജയൻ
തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'വിജയതാരകം' പരിപാടിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ നടത്തിയ 'പാറ്റ' പരാമർശം വലിയ ചർച്ചയാകുന്നു. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ ഈ പരാമർശം.
ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിനിടെ വിദ്യാർഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, 'പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ' എന്ന് ആവശ്യപ്പെട്ടെങ്കിലും സദസ്സിൽ നിന്ന് കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രം പ്രതികരിച്ചത്. അറിവും കഴിവും സ്വന്തമാക്കിയാൽ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവർ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി അഭിപ്രായപ്പെട്ടു.
പരിപാടി ഉദ്ഘാടനം ചെയ്ത ഗവർണർ വിദ്യാർഥികളോട് മുതിർന്നവരിൽ നിന്ന് അനുഭവങ്ങളും അറിവുകളും സ്വീകരിക്കാനും അവരെ ആദരിക്കാനും ആഹ്വാനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ യഥാർഥ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പണം മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോലെന്നും സമൂഹം ഒരാളെ വിലയിരുത്തുന്നത് അവരുടെ സംഭാവനകൾ നോക്കിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വി. മുരളീധരൻ എംഎൽഎയും പങ്കെടുത്ത ചടങ്ങിൽ, ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്‌കാരങ്ങൾ ഗവർണർ വിതരണം ചെയ്തു. അതേസമയം, വിദ്യാർഥികളെ അഭിനന്ദിക്കേണ്ട ഒരു വേദിയിൽ വിസി നടത്തിയ ഈ പരാമർശത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ചർച്ചകളും സജീവമായിട്ടുണ്ട്.
2eqweweqwqw

