റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ; സ്ഥിരീകരിച്ചു


റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന് യുദ്ധത്തിൽ പങ്കെടുത്ത തൃശൂർ സ്വദേശി കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ എന്ന് സന്ദേശം. യുക്രൈൻ ആക്രമണത്തിലാണ് കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്. മരിച്ച ബിനിൽ ബാബുവിന്റെ സുഹൃത്താണ് ജെയിൻ.

ജനുവരി അ‍ഞ്ചിനാണ് ബിനിൽ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിൻ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തിൽ ജെയിനും പരിക്കേറ്റിരുന്നതുമായാണ് വിവരം. ബിനിലേട്ടൻ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയത്. ഞാൻ അടുത്ത ദിവസമാണ് പോയത്. പോകുന്ന വഴി ബിനിലേട്ടൻ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാൻ കണ്ടു. പേടിച്ച് പോയി നോക്കിയപ്പോൾ ദേഹത്ത് മുഴുവൻ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു. ഞാൻ തിരിച്ച് അവരെ വിവരം അറിയിച്ചു. അപ്പോൾ അവർ ‘അവിടെ നിൽക്കരുത്’ എന്ന് പറഞ്ഞ് എന്നെ തിരികെ ഓടിച്ചു.  ഞാൻ നോക്കുമ്പോൾ കമിഴ്ന്നുകിടക്കുകയായിരുന്നു. ഞാൻ ചെന്ന് നേരെയാക്കി. അപ്പോഴേക്കും ശരീരമൊക്കെ മരവിച്ച് പോയിരുന്നു. ശ്വാസം നോക്കിയപ്പോൾ അതും കണ്ടില്ല. വെടി കൊണ്ടതല്ല. ഡ്രോൺ അറ്റാക്കാണ്. അതും കഴിഞ്ഞ് പോകുന്ന വഴി എന്റെ നേർക്കും ഡ്രോൺ അറ്റാക്കുണ്ടായി. ഞാൻ തിരികെ ചെന്ന് എനിക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആശുപത്രിയിൽ പോകണം എന്നും അറിയിച്ചു. പിറ്റെ ദിവസം എന്നെ അവിടെ നിന്ന് തിരിച്ചിറക്കി. ബിനിലേട്ടൻ അഞ്ചാം തീയ്യതി ആണ് പോയതെന്ന് തോന്നുന്നു.  ആറാം തീയതി രാവിലെയാണ് ഞാൻ കണ്ടത്’ -ജെയിൻ അയച്ച സന്ദേശത്തിൽ പറയുന്നു.   

ഇന്ത്യൻ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്സിയെ മരണവിവരം അറിയിച്ചത്. കുട്ടനെല്ലൂർ തോലത്ത് വീട്ടിൽ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനിൽ. 2024 ഏപ്രിൽ നാലിനാണ് രണ്ടുപേരും റഷ്യയിൽ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യൻ ജോലിക്കെന്നു ധരിപ്പിച്ചാണ് റഷ്യയിൽ എത്തിച്ചത്.

റഷ്യയുടെ യുദ്ധത്തിൽ 300 ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെടുകയും 2,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോ‍‍‍ർട്ടുകളുണ്ട്. രണ്ട് ഉത്തര കൊറിയൻ സൈനികരെ യുക്രൈൻ തടങ്കലിലാക്കി. 10,000-ത്തിലധികം സൈനികരെയാണ് കിം ജോങ് ഉൻ ഉത്തര കൊറിയയിൽ നിന്നും റഷ്യയിലേക്ക് അയച്ചത്. അതേ സമയം, റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞൂറോളം യുക്രൈൻ കുട്ടികൾ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്‍റെ കണക്ക്.

article-image

ADESAESWAQWS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed