ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയത് അപകടം വർധിപ്പിക്കുമെന്ന് യുഎൻ
                                                            യുനൈറ്റഡ് നേഷൻസ്: 24 മണിക്കൂറിനിടെ ഹമാസിന്റെയും ഹിസ്ബുല്ലയുടെയും മുതിർന്ന നേതാക്കളെ ഇസ്രായേൽ കൊലപ്പെടുത്തിയ ആക്രമണങ്ങളെ അപകടം വർധിപ്പിക്കുന്ന നടപടിയെന്ന് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. സിവിലിയൻമാർക്ക് നാശം സൃഷ്ടിക്കുകയും മിഡിൽ ഈസ്റ്റിനെ മുഴുവൻ സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഏതൊരു നടപടിയും അടിയന്തിരമായി തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്ന് യു.എൻ. മേധാവിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ഹമാസ് രാഷ്ട്രീയ കാര്യ വിഭാഗം നേതാവ് ഇസ്മാഈൽ ഹനിയ്യ ഇറാനിൽ എത്തിയത്. ബുധനാഴ്ച രാവിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് നടന്ന ഡ്രോൺ ആക്രമണത്തിൽ ഹനിയ്യ കൊല്ലപ്പെടുകയായിരുന്നു. വധത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചിരുന്നു. അതിനു മുമ്പ് ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുക്കറും കൊല്ലപ്പെട്ടിരുന്നു. ഷുക്കറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചപ്പോൾ ഹനിയ്യയുടെ കൊലപാതകത്തിൽ ഇസ്രായേൽ മൗനം പാലിച്ചു. ഗസ്സയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാക്കാനും സംഘർഷം രൂക്ഷമാക്കാനും പുതിയ സംഭവവികാസം കാരണമാകുമെന്നാണ് വിലയിരുത്തൽ.
xfgfxg
												
										
																	