ഇന്ന് ലോക എയ്ഡ്സ് ദിനം; കേരളത്തിൽ ഘട്ടം ഘട്ടമായി എച്ച്ഐവി അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഘട്ടം ഘട്ടമായി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഐക്യരാഷ്ട്ര സഭ 2030 ഓടുകൂടി എച്ച്ഐവി അണുബാധ ഇല്ലാതാക്കാൻ ലക്ഷ്യം വയ്ക്കുന്പോൾ സംസ്ഥാനം 2025ഓടെ ലക്ഷ്യം കൈവരിക്കും. എയ്ഡ്സ് രോഗികൾ കുറവുള്ള കേരളത്തിന് ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ആയിരത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17,000 പേർ മാത്രമാണ് ചികിത്സയിലുള്ളത്. 2025നുശേഷം ഒരു കേസും റിപ്പോർട്ട് ചെയ്യാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കണം. അതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം എല്ലാവരും ഉൾക്കൊള്ളണം. വർണ, വർഗ, ലിംഗ, അസമത്വങ്ങൾ ഇല്ലാതാക്കികൊണ്ടും സാമൂഹികവും സാന്പത്തികവും സാംസ്കാരികവും നിയമപരവുമായ സമത്വം ഉറപ്പാക്കികൊണ്ടും മാത്രമേ എയ്ഡ്സിനെയും കോവിഡ് പോലെയുള്ള മഹാമാരികളെയും ഇല്ലാതാക്കാൻ സാധിക്കുകയുള്ളു. എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അവരെ സമൂഹത്തിന്‍റെ ഭാഗമായി ഒപ്പം നിർത്തണം. ബോധവത്ക്കരണം പ്രധാന ഘടകമാണ്. കേരളത്തിന് പുറത്തും ധാരാളം പേർ ജോലിചെയ്യുന്നുണ്ട്. ബോധവത്ക്കരണം അവരിലുമെത്തണം. ലക്ഷ്യം കൈവരിക്കാൻ അവരുടെ കൂടി സഹകരണം ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.