ഫൈസർ, ആസ്ട്രസെനെക്ക തുടങ്ങിയ കോവിഡ് വാക്സിനുകളുടെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയുമെന്ന് പഠനം
ലണ്ടൻ: ഫൈസറിന്റെയും ആസ്ട്രസെനെക്കയുടെയും കോവിഡ് വാക്സിന്റെ പ്രതിരോധ ശേഷി ആറു മാസം കൊണ്ട് കുറയുമെന്ന് പഠനം. കോവിഡിനെതിരെയുള്ള ഫൈസറിന്റെയും ആസ്ട്രസെനെക്ക വാക്സിന്റെയും രണ്ടു ഡോസുകളുടെ ഫലപ്രാപ്തി ആറു മാസത്തിനുള്ളിൽ കുറഞ്ഞ് വരുമെന്ന്ബ്രിട്ടണിൽ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇത് ബൂസ്റ്റർ ഡോസുകളുടെ ആവശ്യകത അടി വരയിടുന്നതായും റിപ്പോർട്ട് വിലയിരുത്തി.
ഫൈസറിന്റെ രണ്ടാം ഡോസിന് ശേഷമുള്ള ഫലപ്രാപ്തി 88 മുതൽ 74 ശതമാനമായി കുറഞ്ഞതായും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആസ്ട്രസെനെക്കയുടെ കാര്യത്തിൽ ഇത് 77 മുതൽ 67 ശതമാനം വരെയായി കുറഞ്ഞു.വാക്സിൻ എടുത്തതിന് അഞ്ചു മാസങ്ങൾക്ക് ശേഷമാണിത്. മുതിർന്നവരിൽ പ്രതിരോധ ശേഷി 50 ശതമാനത്തിൽ താഴെയായേക്കാമെന്നും പഠന റിപ്പോർട്ട് പറയുന്നു. നേരത്തെ നടത്തിയ പഠനങ്ങൾ പ്രകാരം വാക്സിനുകൾ ആറ് മാസമെങ്കിലും ഫലപ്രാപ്തിയുള്ളതായി കണ്ടെത്തിയിരുന്നു. ഈ വർഷം അവസാനത്തോടെ ബ്രിട്ടൺ ബൂസ്റ്റർ ഡോസ് ക്യാന്പയിൻ നടത്താനുള്ള ശ്രമത്തിലാണ്.
