ബിഹാറിലും സ്കൂളുകൾ പ്രവർത്തനം പുനരാരംഭിക്കുന്നു


പാറ്റ്ന: ബിഹാറിൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയതോതിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്തതായും എല്ലാ വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും പാർക്കുകളും ഗാർഡനുകളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനിച്ചതായും നിതീഷ് കുമാർ അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക് ഇനി മുതൽ സാധാരണരീതിയിൽ പ്രവർത്തിക്കാം.

സാമൂഹികം, രാഷ്ട്രീയം, വിനോദം, കായികം, സാംസ്കാരികം, മതപരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികൾക്കും അനുമതിയുണ്ട്. ജില്ലാ ഭരണകൂടത്തിൽനിന്ന് അനുമതി വാങ്ങിയതിനു ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്.

സംസ്ഥാനത്തെ സ്കൂളുകൾ (ഒന്നാം ക്ലാസ് മുതൽ)അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുംപ്രവർത്തന അനുമതിയും നൽകിയിട്ടുണ്ട്. പരിശീലന ക്ലാസുകൾക്കും ഇനി മുതൽ പ്രവർത്തനം പുനഃരാരംഭിക്കാവുന്നതാണ്. സർവകലാശാലകൾക്കും സ്കൂളുകൾക്കും കോളേജുകൾക്കും പരീക്ഷകൾ നടത്താനുള്ള അനുമതിയും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്.

തിയേറ്ററുകൾ, ക്ലബ്ബുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, റെസ്റ്റോറന്റുകൾ, ഭക്ഷണശാല എന്നിവയ്ക്കും പ്രവർത്തനം പുനഃരാരംഭിക്കാം. എന്നാൽ ഉൾക്കൊള്ളാവുന്നതിന്റെ അന്പതു ശതമാനം ആളുകളേ മാത്രമേ ഇവിടെ അനുവദിക്കാന് പാടുള്ളൂ.

നിലവിൽ ബിഹാറിൽ വെറും 102 സജീവ കോവിഡ് കേസുകൾ മാത്രമാണുള്ളത്. ഇതുവരെ 7,15,853 പേർ സംസ്ഥാനത്ത് കോവിഡിൽനിന്ന് മുക്തി നേടിയപ്പോൾ 9,650 പേർക്ക് മഹാമാരിയെ തുടർന്ന് ജീവൻ നഷ്ടമായി.

You might also like

  • Straight Forward

Most Viewed