സൈകോവ് ഡി കോവിഡ് വാക്സിന് സിസിജിഐയുടെ അനുമതി


ന്യൂഡൽഹി: സൈഡസ് കാലിഡയുടെ സൈകോവ് ഡി കോവിഡ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (സിസിജിഐ) അനുമതി നൽകി. അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കന്പനിയായ സൈഡസ് കാഡിലയുടെ വാക്സിൻ മൂന്ന് ഡോസാണ് എടുക്കേണ്ടത്. 66.66 ശതമാനമാണ് വാക്സിന്‍റെ ഫലപ്രാപ്തി. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്‍റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കന്പനി പറയുന്നു. മൂന്ന് ഡോസ് വാക്സിനേഷന് അനുമതി നൽ‍കാനാണ് വിദഗ്ദ്ധ സമിതി നിലവിൽ‍ ശിപാർ‍ശ ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്‌സിനേഷന്‍റെ ഫലം സംബന്ധിച്ച കൂടുതൽ‍ രേഖകൾ‍ കന്പനിയോട് തേടിയിട്ടുണ്ട്. സൂചി ഉപയോഗിക്കാതെ ത്വക്കിലേക്ക് നൽ‍കുന്ന തരത്തിലായിരിക്കും വാക്‌സീൻ. സൂചിരഹിതമായതിനാൽ‍ പാർ‍ശ്വഫലങ്ങൾ ഗണ്യമായി കുറയുമെന്ന് സൈഡസ് അവകാശപ്പെടുന്നു. അടിയന്തര ഉപയോഗത്തിന് അന്തിമ അനുമതി ലഭിച്ച ആറാമത്തെ വാക്സിനാണ് സിഡസ് കാഡിലയുടേത്. 

സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്‍റെ കോവാക്സിൻ, റഷ്യയുടെ സ്പുട്നിക് വാക്സിൻ, അമേരിക്കൻ വാക്സിനുകളായ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ‍ എന്നിവയാണ് അനുമതി ലഭിച്ചിരിക്കുന്ന മറ്റു വാക്സിനുകൾ.

You might also like

  • Straight Forward

Most Viewed