കൊവാക്‌സിൻ നൽകുന്നത് ഏറ്റവും മികച്ച സുരക്ഷയെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി: കൊറോണ വൈറസിനെതിരെ കൊവാക്‌സിന്‍ നൽകുന്നത് ഏറ്റവും മികച്ച പ്രതിരോധമാണെന്ന് ഭാരത് ബയോടെക്. കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയൽ ഡാറ്റ ജൂലൈയിൽ പ്രസിദ്ധീകരിക്കുമെന്നും കന്പനി അധികൃതർ വ്യക്തമാക്കി. ഇത് പ്രസിദ്ധീകരിച്ചതിന് ശേഷം പൂർണമായ ലൈസൻസിനായി ഭാരത് ബയോടെക് അപേക്ഷിക്കും. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആകും മൂന്നാം ഘട്ട ട്രയൽ ഡാറ്റ ആദ്യം സമർപ്പിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഇവ പ്രസിദ്ധീകരിക്കുന്നത്.
കൊവാക്‌സിനും കൊവിഷീൽഡും തമ്മിലുള്ള താരതമ്യം ശക്തമാകുന്നതിനിടെയാണ് കൊവാക്‌സിന്റെ പുതിയ നീക്കം. രണ്ട് വാക്‌സിനുകളും വ്യത്യസ്തമായ രീതിയിൽ നിർമ്മിച്ചതിനാൽ അവയെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് നേരത്തെ കേന്ദ്രവും വ്യക്തമാക്കിയിരുന്നു. കൊവാക്‌സിനെ അപേക്ഷിച്ച് കൊവിഷീൽഡ് വൈറസിനെതിരെ കൂടുതൽ ആന്റിബോഡികൾ ഉത്പാദിപ്പിക്കുമെന്നായിരുന്നു പഠനം. ഈ താരതമ്യ പഠനത്തെയും ഭാരത് ബയോടെക് തള്ളി. ഇത് ശാസ്ത്രീയമായ നടത്തിയ പഠനമല്ലെന്നും, കൃത്യമായ കണക്കുകളോ രേഖകളോ ഇല്ലാതെ പുറത്തിറക്കിയ വിവരമാണെന്നും, താത്കാലിക വിശകലനം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കന്പനി പറഞ്ഞു. കൊവാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നതിനായി നാലാം ഘട്ട ക്ലിനിക്കൽ ട്രയലും നടത്തുന്നുണ്ട്. അടിയന്തര ഉപയോഗത്തിന് വേണ്ടി വരുന്ന അവശ്യഘടകങ്ങൾ എല്ലാം കൊവാക്‌സിൻ പാലിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.